ഒരു സിനിമ, ഒരേ കഥാപാത്രം വ്യത്യസ്ത ഭാഷ, ഇങ്ങനൊരു അനുഭവം ആദ്യം; സലാര്‍ ഡബിങ്ങ് അനുഭവം പങ്കുവച്ച് പൃഥിരാജ്

പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍ സിനിമാ പ്രേമികള്‍ ഒരുപാട് ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. പ്രഭാസിനൊപ്പം പൃഥിരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് സലാറിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ ഏവരും ശ്രദ്ധിച്ച കാര്യമാണ് ചിത്രം പുറത്തിറങ്ങുന്ന എല്ലാ ഭാഷകളിലും സ്വന്തം ശബ്ദത്തില്‍ത്തന്നെയാണ് പൃഥ്വിരാജ് ഡബ്ബ് ചെയ്തിരിക്കുന്നത് എന്നത്. ഈ അനുഭവത്തേക്കുറിച്ച് പറഞ്ഞിരിക്കുകയാണ് പൃഥ്വി. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് പൃഥിരാജ് തന്റെ അനുഭവം കുറിച്ചിരിക്കുന്നത്.

ഫൈനല്‍ ഡബ്ബിങ്ങില്‍ ചെയ്യേണ്ടിയിരുന്ന തിരുത്തലുകള്‍ പൂര്‍ത്തിയാക്കിയതായി പൃഥ്വി അറിയിച്ചു. ഇത്രയും കാലത്തെ അനുഭവത്തില്‍ വിവിധ ഭാഷാചിത്രങ്ങളിലായി ചെയ്ത കഥാപാത്രങ്ങള്‍ക്കെല്ലാം സ്വന്തം ശബ്ദം നല്‍കി. ചില കഥാപാത്രങ്ങള്‍ക്ക് ഒന്നിലേറെ ഭാഷകളിലും ഡബ്ബ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരു സിനിമയിലെ ഒരേ കഥാപാത്രത്തിന് അഞ്ച് വ്യത്യസ്ത ഭാഷകളില്‍ ഡബ്ബ് ചെയ്യുന്നത് തനിക്ക് ആദ്യത്തെ അനുഭവമാണെന്ന് പൃഥ്വിരാജ് പറഞ്ഞു.

തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലാണ് സലാര്‍ ഇറങ്ങുന്നത്. വര്‍ദരാജ മന്നാര്‍ എന്ന കഥാപാത്രമായി പൃഥ്വിരാജും ദേവയായി പ്രഭാസും എത്തുന്നു. ബോബി സിംഹ, ജഗപതി ബാബു, ജോണ്‍ വിജയ്, ഗരുഡ റാം, ശ്രുതി ഹാസന്‍, ഈശ്വരി റാവു തുടങ്ങിയവരാണ് മറ്റുവേഷങ്ങളില്‍. രണ്ട് ഭാഗങ്ങളിലായിറങ്ങുന്ന ചിത്രത്തിന്റെ ആദ്യഭാഗമായ സീസ്ഫയര്‍ ആണ് ഇപ്പോള്‍ റിലീസിന് തയ്യാറെടുത്തിരിക്കുന്നത്.

ചിത്രം ഈ മാസം 22ന് ലോകമൊട്ടാകെ റിലീസ് ചെയ്യും. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് സലാര്‍ കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത്.

Top