ഡൽഹിയിൽ നരേന്ദ്രമോദിക്ക് മ്യൂസിയമൊരുങ്ങുന്നു;തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമെന്ന് കോൺഗ്രസ്

ഡല്‍ഹി : നെഹ്‌റു മുതല്‍ മന്‍മോഹന്‍സിംഗ് വരെയുള്ള മുന്‍ പ്രധാനമന്ത്രിമാര്‍ക്കൊപ്പം ഡല്‍ഹി തീന്മൂര്‍ത്തി ഭവനില്‍ നരേന്ദ്രമോദിക്കും മ്യൂസിയമൊരുങ്ങുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് രണ്ടായിരത്തോളം ചതുരശ്ര അടി വിസ്തൃതിയില്‍ തിരക്കിട്ട് മോദിക്കായി ഗാലറി നിര്‍മ്മിക്കുന്നത്. അടുത്തയാഴ്ച ഉദ്ഘാടനം ചെയ്യുന്ന മ്യൂസിയത്തിന്റെ ദൃശ്യങ്ങള്‍ ലഭിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു.

കഴിഞ്ഞ ജൂണില്‍ നെഹ്‌റു ലൈബ്രറി പ്രധാനമന്ത്രി ലൈബ്രറിയാക്കി മാറ്റിയതിനെതിരെയും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. പ്രധാനമന്ത്രി സംഗ്രഹാലയത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് 3 പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത ഗാന്ധികുടുംബത്തിലെ ആര്‍ക്കും ക്ഷണമുണ്ടായിരുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പടുക്കുമ്പോള്‍ മോദിയെന്ന ഒറ്റ നേതാവിനെ ഉയര്‍ത്തിക്കാട്ടിയുള്ള ബിജെപിയുടെ പ്രചാരണത്തിന്റെ ഭാഗമാണ് മ്യൂസിയവും എന്നാണ് കോണ്‍ഗ്രസ് വിമര്‍ശനം. അതേസമയം, വിമര്‍ശനങ്ങള്‍ ഗൗനിക്കാതെ ജനുവരി 15നകം മ്യൂസിയം ജനങ്ങള്‍ക്ക് തുറന്നുനല്‍കാനൊരുങ്ങുകയാണ് അധികൃതര്‍.

16 വര്‍ഷം ജവഹര്‍ ലാല്‍ നെഹ്‌റു താമസിച്ച തീന്‍മൂര്‍ത്തി ഭവന്‍, നെഹ്‌റുവിന്റെ എഴുപത്തഞ്ചാം ജന്‍മദിനത്തിലാണ് വീട് മ്യൂസിയമായി രാജ്യത്തിന് സമര്‍പ്പിക്കുന്നത്. നരേന്ദ്രമോദി പ്രധാനമന്ത്രിയായതിന് പിന്നാലെ നവീകരിച്ച് പേരുമാറ്റി ഇത് പ്രധാനമന്ത്രി സംഗ്രാഹലയയാക്കി. നെഹ്‌റു മുതല്‍ മന്‍മോഹന്‍ സിംഗ് വരെയുള്ള മുന്‍ പ്രധാനമന്ത്രിമാരുടെ സംഭാവനകളും ജീവിതവുമാണ് പ്രദര്‍ശനത്തിലുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍കേ 2000 ചതുരശ്ര അടിയില്‍ പുതിയ കെട്ടിടത്തില്‍ മോദിക്കായി വന്‍ ഗാലറി ഒരുങ്ങുകയാണ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മേല്‍നോട്ടത്തിലാണ് ധൃതിയില്‍ ഗാലറി നിര്‍മ്മാണം. താഴത്തെ നിലയില്‍നിന്നും ഗാലറിയിലേക്കുള്ള വഴിയില്‍ 2014 മുതല്‍ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ നിരയായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. നോട്ട് നിരോധനം, സര്‍ക്കാറിന്റെ കാലത്തെ നിയമനിര്‍മാണങ്ങളൊക്കെ ഇവിടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള 22 ഗാലറികളില്‍ ഏറ്റവും വലുതാണ് മോദി ഗാലറി. ഭീമന്‍ എല്‍ഇഡി വാളുകളിലായി മോദിയുടെ ബാല്യകാലം മുതലുള്ള ജീവിതത്തെ കുറിച്ചുള്ള പ്രദര്‍ശനം. വിവിധ ഇന്‍സ്റ്റലേഷനുകള്‍, പ്രധാനമന്ത്രി ഉജ്വല യോജനയുള്‍പ്പടെ നടപ്പാക്കിയ പ്രധാന പദ്ധതികള്‍ വീഡിയോ രൂപത്തിലും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. മോദിയുടെ വിദേശ യാത്രകളെ കുറിച്ച് പ്രത്യേകം പ്രദര്‍ശനവുമുണ്ട്. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പടുക്കവേ വോട്ട് മാത്രം ലക്ഷ്യമാക്കിയുള്ള ബിജെപി തന്ത്രമാണിതെന്നാണ് കോണ്‍ഗ്രസ് വിമര്‍ശിക്കുന്നത്.

Top