ലേ ഹയാത്തില്‍ നിന്ന് ഭക്ഷണം കഴിച്ച കാസര്‍ഗോഡ് സ്വദേശിക്കും ഭക്ഷ്യ വിഷബാധ

കൊച്ചി: കൊച്ചിയില്‍ ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന് പരാതി ഉയര്‍ന്ന ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച കാസര്‍ഗോഡ് സ്വദേശിക്കും ഭക്ഷ്യ വിഷബാധ. ലേ ഹയാത്തില്‍ നിന്ന് ഭക്ഷണം കഴിച്ച കാസര്‍ഗോഡ് സ്വദേശി നിതാന്ത് ടോമിക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഈ മാസം 18നാണ് നിതാന്ത് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തു ഗ്രില്‍ഡ് ചിക്കന്‍ കഴിച്ചത്. എറണാകുളത്ത് ഐ.ടി ജീവനക്കാരനാണ് നിതാന്ത്.

അതിനിടെ ഇതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ആറുപേര്‍ക്ക് കഴിഞ്ഞ ദിവസം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായി. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഹോട്ടലില്‍ നിന്ന് ഷവര്‍മ, അല്‍ഫാം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ ഉള്ളത്. സംഭവത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ഇവരില്‍ നിന്ന് പ്രാഥമിക വിവരശേഖരണം നടത്തി. കാക്കനാട് പ്രദേശത്തുള്ള ഈ ആറ് പേരുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് അധികൃതര്‍ പറയുന്നു.

ഷവര്‍മ കഴിച്ചതിന് പിന്നാലെ ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രാഹുല്‍ മരണപ്പെടുന്നത്. 24 വയസ് മാത്രമുള്ള രാഹുല്‍ എന്ന യുവാവിനെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. രാഹുലിനെ ശനിയാഴ്ച ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ ഹൃദഘാതം ഉണ്ടായെന്നായിരുന്നു മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. അന്നുമുതല്‍ വെന്റിലേറ്ററിലായിരുന്നു രാഹുല്‍. ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് രാഹുലിനെ ചികില്‍സിച്ചതെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

Top