തിരുവന്തപുരം: ജോലി തേടി വിദേശത്തു പോയി തൊഴില്‍ തട്ടിപ്പിന് ഇരയായ കൊല്ലം സ്വദേശിനി സുനിത നാട്ടില്‍ തിരിച്ചെത്തി. കഴിഞ്ഞ ദിവസം രാത്രി ഒന്‍പത് മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് സുനിത വന്നിറങ്ങിയത്. മക്കളായ സീതാലക്ഷ്മി, അനന്തു, ബന്ധുവായ സന്തോഷ് തുടങ്ങിയവര്‍ സുനിതയെ കാത്ത് വിമാനത്താവളത്തില്‍ എത്തിയിരുന്നു.
ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ സുനിത മാര്‍ച്ച് നാലിനാണ് ജോലി തേടി വിദേശത്തേക്ക് പോയത്. ഏജന്റ് സുനിതയെ വീട്ടു ജോലിക്കെന്ന് പറഞ്ഞാണ് ദുബായ്ക്ക് കൊണ്ടു പോയത്. എന്നാല്‍ അവിടെ നിന്ന് ശമ്പളം കൂടിയ മറ്റൊരു ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് ഒമാനിലേക്ക് കൊണ്ടുപോയി. പിന്നീട് കഴിഞ്ഞ ഏപ്രില്‍ 20 മുതല്‍ സുനിതയെ കുറച്ച് യാതൊരു വിവരവും ഇല്ലായിരുന്നു.
സ്‌പോണ്‍സര്‍ ഒമാനില്‍ ലിവ എന്ന സ്ഥലത്ത് സുനിതയെ വീട്ടുതടങ്കലിലാക്കിയിരുന്നു. ഇത് അറിഞ്ഞ ഒഐസിസി നേതാക്കളായ ചന്ദ്രന്‍ കല്ലട, ശങ്കരപ്പിള്ള കുമ്പളത്ത് എന്നിവര്‍ വിഷയത്തില്‍ ഇടപെട്ടു. സ്‌പോണ്‍സര്‍ സുനിതയെ വിട്ടയയ്ക്കാന്‍ തയ്യാറായത് കരാറനുസരിച്ചുള്ള 1500 ഒമാന്‍ റിയാല്‍ (ഏകദേശം 2.69 ലക്ഷം രൂപ) നല്‍കിയതോടെയാണ്
സുനിത കഴിഞ്ഞ ശനിയാഴ്ചയാണ് ഒമാനിലെ ഇന്ത്യന്‍ എംബസിയിലെത്തിയത്. തിങ്കളാഴ്ച പുലര്‍ച്ചെ മുംബൈ വിമാനത്താവളത്തിലെത്തിയ സുനിത തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്.