ദില്ലി: ബിജെപി മുൻ വക്താവ് നുപുർ ശർമയെ വധിക്കാൻ പാക്കിസ്ഥാനിൽ നിന്നെത്തിയ ഭീകരൻ പിടിയിൽ. പാകിസ്ഥാനിലെ പഞ്ചാബിൽ നിന്നെത്തിയാളാണ് രാജസ്ഥാനിൽ പിടിയിലായതായത്. നുപുർ ശർമയുടെ അഭിഭാഷകനാണ് സുപ്രീംകോടതിയെ വിവരം അറിയിച്ചത്. ബിഎസ്എഫിലെ മുതിർന്ന ഉദ്യോഗസ്ഥനിൽ നിന്ന് കിട്ടിയ വിവരമാണെന്നാണ് കോടതിയെ അറിയിച്ചത്. അതിർത്തിയിലെ ഹിന്ദുമൽക്കോട്ട് ഔട്ട്പോസ്റ്റിന് സമീപത്ത് നിന്നാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അറസ്റ്റ്.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മന്ദി ബഹോദ്ദീൻ സ്വദേശിയായ റിസ്വാൻ അഷ്‍റഫാണ് പിടിയിലായത്. പ്രാഥമിക ചോദ്യം ചെയ്യലിൽ നപുർ ശർമയെ വധിക്കാനാണ് എത്തിയതെന്ന് ഇയാൾ മൊഴി നൽകിയതായും അഭിഭാഷകൻ അറിയിച്ചു. നബി വിരുദ്ധ പരാമർശത്തിന്റെ പേരിലാണ് നുപുർ ശർമ വിവാദത്തിലായത്.
റിസ്വാന്റെ കൈവശം കത്തിയും മത ഗ്രന്ഥങ്ങളും ഉണ്ടായിരുന്നു. അജ്മീർ ദർഗ സന്ദർശിച്ച ശേഷം നുപുർ ശർമയെ വധിക്കാനായിരുന്നു ഇയാളുടെ പദ്ധതിയെന്നും അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചു. ഐബി, റോ, മിലിട്ടറി രഹസ്യാന്വേഷണ വിഭാഗം എന്നിവർ ചേർന്ന് റിസ്വാൻ അഷ്റഫിനെ ചോദ്യം ചെയ്ത് വരികയാണെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.
തനിക്കെതിരെ ദില്ലിക്ക് പുറത്തുള്ള കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നുപുർ നൽകിയ ഹർജി പരിഗണിക്കവേയാണ് അഭിഭാഷകൻ ഇക്കാര്യങ്ങൾ അറിയിച്ചത്.