കോണ്‍ഗ്രസ് ഗ്രൂപ്പ് സമവാക്യം തിരുത്തിക്കുറിച്ച് ഒടുവില്‍ കെ.സി ഗ്രൂപ്പും പിറന്നു. ആറ് ഡി.സി.സി പ്രസിഡന്റുമാരാണ് നിലവില്‍ കെ.സി ഗ്രൂപ്പിനൊപ്പമുളളത്.
കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിലെ സമവാക്യങ്ങളില്‍, അടിമുടി മാറ്റം വരുത്തുന്നതാണ് പുതിയ താരോദയം.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് കെ.സി ഗ്രൂപ്പിന് ചുക്കാന്‍ പിടിക്കുന്നത്. വി.എം സുധീരന്‍ കെ.പി.സി.സി പ്രസിഡന്റായിരിക്കെ, ഗ്രൂപ്പ് പരിഗണനനോക്കാതെ ഡി.സി.സി പ്രസിഡന്റുമാരാക്കിയ, ആറു പേരാണ് ഒറ്റയടിക്ക് കെ.സി ഗ്രൂപ്പിലേക്ക് ചേക്കേറിയിരിക്കുന്നത്. കെ.സിയുമായി അടുത്ത ബന്ധമുള്ള സുധീരന്റെ പിന്തുണയും ഈ നീക്കത്തിന് പിന്നിലുണ്ട്.
തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, തൃശൂര്‍ ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍ എം.പി, മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, വയനാട് ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന്‍, കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, കാസര്‍ഗോഡ് ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നേല്‍ എന്നിവരാണ് ഇപ്പോള്‍ കെ.സി പക്ഷത്തേക്ക് കൂറ് മാറിയിരിക്കുന്നത്.
സുധീരന്‍ മാറി മുല്ലപ്പള്ളി കെ.പി.സി.സി പ്രസിഡന്റായതോടെ, സ്വാധീനം നഷ്ടമായ സുധീരന്‍പക്ഷക്കാരായ ഡി.സി.സി പ്രസിഡന്റുമാരുടെ ഈ മാറ്റം ഞെട്ടിച്ചിരിക്കുന്നത് എ, ഐ ഗ്രൂപ്പുകളെയാണ്. ഉമ്മന്‍ചാണ്ടി നയിക്കുന്ന എ ഗ്രൂപ്പിനെയും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള വിശാല ഐ ഗ്രൂപ്പിനെയും, നിഷ്പ്രഭമാക്കുന്ന നീക്കമാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ കെ.സി വേണുഗോപാല്‍ നടത്തിയിരിക്കുന്നത്.
കെ. കരുണാകരന്റേയും എ.കെ ആന്റണിയുടേയും നേതൃത്വത്തിലുള്ള ഐ, എ ഗ്രൂപ്പുകളായി നിന്നാണ്, കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗ്രൂപ്പ് രാഷ്ട്രീയം പയറ്റിയിരുന്നത്. കരുണാകരന്‍ മകന്‍ കെ. മുരളീധരനെ സേവാദള്‍ ചുമതല നല്‍കിയാണ് രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുകൊണ്ടുവന്നിരുന്നത്.
കരുണാകരന്റെ ഇലയില്‍ നിന്നും ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്ന, രമേശ് ചെന്നിത്തല പിന്നീട് അദ്ദേഹത്തേയും ചതിച്ചു. കരുണാകരന്റെ കിച്ചണ്‍ കാബിനറ്റിലെ അതി ശക്തന്‍മാരായ ജി. കാര്‍ത്തികേയനേയും എം.ഐ ഷാനവാസിനേയും കൂട്ടുപിടിച്ചാണ് ചെന്നിത്തല മൂന്നാംഗ്രൂപ്പുണ്ടാക്കിയിരുന്നത്. കരുണാകരനുമായി ഇടഞ്ഞ വയലാര്‍ രവിയാകട്ടെ നാലാം ഗ്രൂപ്പിനും രൂപം നല്‍കുകയുണ്ടായി.
എ, ഐ ഗ്രൂപ്പുകളില്‍ നിന്നും നാലുഗ്രൂപ്പുകളായി ചേരിതിരിഞ്ഞ കോണ്‍ഗ്രസ് രാഷ്ട്രീയം, കരുണാകരന്‍ ഡി.ഐ.സി രൂപീകരിച്ച് കോണ്‍ഗ്രസ് വിട്ടതോടെ വീണ്ടും കലങ്ങിമറിയുകയായിരുന്നു. കരുണാകരനില്‍ നിന്നും ഐ ഗ്രൂപ്പ് നേതൃത്വം അന്നത്തെ കെ.പി.സി.സി പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല പിടിച്ചെടുക്കുകയായിരുന്നു.
ഐ ഗ്രൂപ്പിനെ വിശാല ഐ ഗ്രൂപ്പാക്കി ചെന്നിത്തല മാറ്റിയതോടെ, മൂന്നാം ഗ്രൂപ്പ് തന്നെ ഇല്ലാതായി. വയലാര്‍രവി സജീവ രാഷ്ട്രീയത്തില്‍നിന്നും പിന്‍മാറിയതോടെ നാലാം ഗ്രൂപ്പിന്റെ അസ്തമയവും പൂര്‍ണമായി.
എ.കെ ആന്റണി ദേശീയ രാഷ്ട്രീയത്തിലേക്കുമാറിയ സാഹചര്യത്തില്‍, എ ഗ്രൂപ്പ് പൂര്‍ണമായും, ഉമ്മന്‍ചാണ്ടിയുടെ അധീനതയിലുമായി. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും മാത്രം കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കുന്ന ശൈലി മാറിയത്, വി.എം സുധീരന്‍ കെ.പി.സി.സി പ്രസിഡന്റായതോടെയാണ്. എ-ഐ ഗ്രൂപ്പുകളെ നിഷ്പ്രഭമാക്കി കോണ്‍ഗ്രസില്‍ ഡി.സി.സി തലം വരെ പുനസംഘടന നടത്തിയത് വി.എം സുധീരന്റെ വാശിയിന്‍മേലാണ്.
ഉമ്മന്‍ചാണ്ടി ബ്രിഗേഡിന്റെ മുന്നണിപ്പോരാളികളായ വി.വി പ്രകാശിനെ മലപ്പുറത്തും, സതീശന്‍ പാച്ചനിയെ കണ്ണൂരിലും, ഡി.സി.സി പ്രസിഡന്റുമാരാക്കി സുധീരന്‍ ഉമ്മന്‍ചാണ്ടിയെയും ഞെട്ടിച്ചു. എ ഗ്രൂപ്പിലുണ്ടായിരുന്ന ടി.എന്‍ പ്രതാപനെ തൃശൂര്‍ ഡി.സി.സി നേതൃത്വത്തിലും ഐ ഗ്രൂപ്പിലുണ്ടായിരുന്ന നെയ്യാറ്റിന്‍കര സനലിനെ തിരുവനന്തപുരത്തും ഐ.സി ബാലകൃഷ്ണനെ വയനാട്ടിലും നിയമിച്ച് രമേശ് ചെന്നിത്തലയെയും അദ്ദേഹം അമ്പരപ്പിച്ചു. ചെന്നിത്തലയുടെ വിശ്വസ്ഥനായിരുന്ന കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാര്‍ അടക്കമുള്ളവരെയും ഒപ്പം കൂട്ടി, സുധീരന്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ ശക്തമായ ഒരു ചേരിക്കാണ് രൂപം നല്‍കിയിരുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബെന്നി ബെഹ്നാന് തൃക്കാക്കരസീറ്റ് നിഷേധിച്ച് പി.ടി തോമസിനെ മത്സരിപ്പിച്ചും, കെ.ബാബുവിനെതിരെ നിലപാടെടുത്തും സുധീരന്‍ വീണ്ടും കരുത്തുകാട്ടി. ഇതോടെ പൊതു’ശത്രുവിനെതിരെ’ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഒന്നിക്കുകയായിരുന്നു. തുടര്‍ന്നാണ് സുധീരന് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ട സാഹചര്യമുണ്ടായിരുന്നത്.
നിയമസഭാ സ്പീക്കറും മന്ത്രിയുമായിരുന്ന സുധീരന്‍ ആലപ്പുഴയില്‍ നിന്നും നാലു തവണയാണ് എം.പിയായിരുന്നത്. 2004ല്‍ ഇടതുസ്വതന്ത്രന്‍ മനോജ് കുരിശിങ്കലിനോട് പരാജയപ്പെട്ടതോടെ പാര്‍ലമെന്ററി രാഷ്ട്രീയം തന്നെ അദ്ദേഹം അവസാനിപ്പിക്കുകയായിരുന്നു. ആലപ്പുഴയില്‍ തന്റെ പകരക്കാരനായി സുധീരന്‍ പിന്നീട് നിര്‍ദ്ദേശിച്ചത് കെ.സി വേണുഗോപാലിനെയായിരുന്നു. അന്നു മുതല്‍ അടുത്ത ബന്ധമാണ് സുധീരനും കെ.സിയും തമ്മിലുളളത്. കെ.സി വേണുഗോപാലിനെതിരെ സരിത നായര്‍ ആരോപണവുമായെത്തിയപ്പോഴും, കെ.സിക്ക് ഒരു കുടുംബമുണ്ടെന്നു പറഞ്ഞ് ശക്തമായി പ്രതിരോധം തീര്‍ത്തതും സുധീരനായിരുന്നു.
വിശാല ഐ ഗ്രൂപ്പില്‍ ചെന്നിത്തലയുടെ പിന്നില്‍ നിന്നിരുന്ന കെ.സി വേണുഗോപാല്‍, ഇപ്പോള്‍ എ.ഐ.സി.സി സംഘടനാകാര്യ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി, ചെന്നിത്തലയുടെയും നേതാവായാണ് മാറിയിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയഭീതി ഉയര്‍ന്നതോടെ, ആലപ്പുഴയില്‍ മത്സരിക്കാതെ മാറി നില്‍ക്കുകയായിരുന്ന കെ.സിക്ക് പുതുജീവനാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
പാര്‍ലമെന്റിലേക്ക് കെ.സിയുടെ വഴിയടഞ്ഞെന്ന് കണക്ക്കൂട്ടിയ, കേരളത്തിലെ ഗ്രൂപ്പ് നേതാക്കളെ അമ്പരപ്പിച്ച് രാജസ്ഥാനില്‍ നിന്നാണ്, കെ.സി രാജ്യസഭയിലേക്കെത്തിയിരിക്കുന്നത്. രാഹുല്‍ഗാന്ധിയുടെ വിശ്വസ്ഥന്‍ എന്ന പ്രതിഛായയാണ് കേരളത്തിലെ എ.ഐ ഗ്രൂപ്പില്‍ നിന്നും ഡി.സി.സി പ്രസിഡന്റുമാരടക്കമുള്ള നേതാക്കള്‍, കെ.സി ഗ്രൂപ്പിലേക്ക് ഒഴുകാന്‍ പ്രധാന കാരണം.
രമേശ് ചെന്നിത്തലയുടെ വിശ്വസ്ഥനായിരുന്ന എ.പി അനില്‍കുമാര്‍ എം.എല്‍.എയാണ് ഇപ്പോള്‍ കെ.സി പക്ഷത്തെ പ്രധാനി. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ചെന്നിത്തല വാശിപിടിച്ചാണ് അനില്‍കുമാറിനെ മന്ത്രിയാക്കിയിരുന്നത്. ജയലക്ഷ്മി മന്ത്രിസ്ഥാനം ഉറപ്പിച്ചതോടെ അനില്‍കുമാറിന്റെ വഴിയടഞ്ഞിരുന്നു. ഇതോടെയാണ് ചെന്നിത്തല ഇടപ്പെട്ടിരുന്നത്. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ഥനായ വി.വി പ്രകാശിനെ അടര്‍ത്തിയെടുത്താണ് സുധീരന്‍ മലപ്പുറം ഡി.സി.സി പ്രസിഡന്റാക്കിയിരുന്നത്.
മലപ്പുറത്ത് ആര്യാടന്‍ മുഹമ്മദിന്റെ അപ്രമാധിത്വത്തിനെതിരായ സുധീരന്റെ മിന്നലാക്രമണമായിരുന്നു ഇത്. ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പ് നേതൃത്വവും കൈവിട്ട പ്രകാശിപ്പോള്‍, കെ.സി വേണുഗോപാലിനൊപ്പം ചേര്‍ന്നാണ് പുതിയ ഗ്രൂപ്പ് രാഷ്ട്രീയം പയറ്റുന്നത്. കോണ്‍ഗ്രസ് എം.പിമാരില്‍ നല്ലൊരുവിഭാഗവും ഇപ്പോള്‍ കെ.സി വേണുഗോപാലിനൊപ്പമാണുളളത്.
രമ്യഹരിദാസ്, ടി.എന്‍ പ്രതാപന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വി.കെ ശ്രീകണ്ഠന്‍ അടക്കമുള്ളവരും നിലവില്‍ കെ.സിക്കൊപ്പമാണുളളത്. എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറിയായതിനാല്‍, സീറ്റുറപ്പിക്കാന്‍ എം.എല്‍.എമാരും നേതാക്കളും കൂട്ടത്തോടെ കെ.സിക്കൊപ്പം പോകുമോ എന്ന ഭീതിയിലാണിപ്പോള്‍ എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങള്‍. കാര്യമായ അണികളൊന്നു മില്ലാത്ത കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കെ.സി വേണുഗോപാല്‍ അനുകൂലിയാണ്.
അഥവ ഭരണം ലഭിച്ചാല്‍, മുഖ്യമന്ത്രിസ്ഥാനത്തിനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പോരില്‍, മുന്‍ പന്തിയില്‍ കെ.സി വേണുഗോപാല്‍ ഉണ്ടാവുമെന്നാണ് കെ.സി ഗ്രൂപ്പിന്റെ പിറവി നല്‍കുന്ന സൂചന. ഈ നീക്കം ഇപ്പോള്‍ ഉറക്കം കെടുത്തിയിരിക്കുന്നത് എ, ഐ ഗ്രൂപ്പ് നേതൃത്വങ്ങളെയാണ്.
Express View