ഡൽഹി: നോയിഡ-ഗ്രേറ്റര്‍ നോയിഡ എക്‌സ്‌പ്രസ് വേയില്‍ വന്‍കുഴി രൂപപ്പെട്ടു. 15 അടി നീളവും രണ്ടടി വീതിയുമുള്ള ഭാഗം തകര്‍ന്നതിനെത്തുടര്‍ന്നാണ് വലിയ കുഴി രൂപപ്പെട്ടത്.
സംഭവത്തെ തുടര്‍ന്ന് ഏറെനേരെ ഗതാഗതം തടസ്സപ്പെട്ടു. അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തി റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയാണ് കുഴി രൂപപ്പെട്ടത്. ശനിയാഴ്ച രാവിലെ വാഹനങ്ങളുടെ ഗതാഗതം സാധാരണ നിലയിലാക്കിയെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അണ്ടര്‍പാസിന്റെ പണി നടക്കുന്ന സെക്ടര്‍ 96 ന് സമീപമാണ് റോഡ് ഭാഗം തകര്‍ന്നത്. നോയിഡയില്‍ നിന്ന് ഗ്രേറ്റര്‍ നോയിഡയിലേക്ക് പോകുന്ന ഭാഗത്താണ് റോഡ് തകര്‍ന്നത്.
വെള്ളിയാഴ്ച തന്നെ ഇതിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചത് ഗതാഗതക്കുരുക്കിന് കാരണമായെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ശനിയാഴ്ച മുതല്‍ ഗതാഗതം സുഗമമായെന്നും തിരക്ക് ഉണ്ടായിരുന്നില്ലെന്നും ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 27 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നോയിഡ-ഗ്രേറ്റര്‍ നോയിഡ എക്‌സ്പ്രസ് വേയിലൂടെ പ്രവൃത്തിദിവസങ്ങളില്‍ ലക്ഷക്കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ തിരക്ക് കുറയും.