അബുദബിയില്‍ പുതിയ റെയില്‍വേ പാത നിര്‍മ്മിക്കുന്നു

അബുദബി: അബുദബിയില്‍ പുതിയ റെയില്‍വേ പാത നിര്‍മ്മിക്കുന്നു. അല്‍ദഫ്റ മേഖലയില്‍ അല്‍ദാനയെയും അബുദബി നഗരത്തെയും ബന്ധിപ്പിച്ച് കൊണ്ടാണ് പുതിയ പാത നിര്‍മ്മിക്കുന്നത്. ഇത്തിഹാദ് റെയിലും പെട്രോളിയം കമ്പനിയായ അഡ്നോക്കും തമ്മില്‍ ഇത് സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു.

കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ച് യു എ ഇയുടെ നെറ്റ് 2045 എന്ന ലക്ഷ്യം കൈവരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ് പുതിയ റെയില്‍ പദ്ധതി. ഭാവിയില്‍ അഡ്നോക്ക് ജീവനക്കാര്‍ക്ക് അബൂദബിയില്‍ നിന്ന് അല്‍ദാനയിലേക്ക് യാത്രാസൗകര്യമൊരുക്കാനും പദ്ധതി ലക്ഷ്യമിടുന്നതായി അധികൃതര്‍ പറഞ്ഞു.വിവിധ മേഖലകളെ പരസ്പരം ബന്ധിപ്പിച്ച് രാജ്യത്തിന്റെ സുസ്ഥിര വികസനത്തിനുള്ള ചാലക ശക്തിയായി മാറുകയാണ് ഇത്തിഹാദ് റെയിലെന്ന് ചെയര്‍മാന്‍ ശൈഖ് ദിയാബ് പറഞ്ഞു.

കരാര്‍ പ്രകാരം അല്‍ ദഫ്റ മേഖലയിലെ അല്‍ദാനയെയും അബൂദബി നഗരത്തെയും പരസ്പരം ബന്ധിപ്പിക്കുന്ന റെയില്‍വേ ശൃംഖല ഒരുക്കുന്നതിന് ഇരു സ്ഥാപനങ്ങളും സാങ്കേതികവിദ്യ കൈമാറും.അഡ്നോക്ക് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഇത്തിഹാദ് റെയില്‍ ചെയര്‍മാന്‍ ശൈഖ് ദിയാബ് ബിന്‍ മുഹമ്മദ് ആല്‍നഹ്യാന്‍, അഡ്നോക്ക് സി ഇ ഒയും വ്യവസായ മന്ത്രിയുമായ ഡോ. സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ജാബര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പുതിയ റെയില്‍ പാതക്കായി കരാര്‍ ഒപ്പിട്ടത്.

 

Top