മറയൂരിൽ 5 ഹെക്ടറിലധികം വിസ്തൃതിയുള്ള പുതിയ ചന്ദനക്കാട് ഒരുങ്ങുന്നു

മറയൂർ: മറയൂർ ചന്ദന ഡിവിഷന്റെ നേതൃത്വത്തിൽ ചന്ദനക്കാട് ഒരുങ്ങുന്നു. 5 ഹെക്ടറിൽ 15,000 ചന്ദനത്തൈകൾകൂടി വെച്ചുപിടിപ്പിക്കുന്ന പദ്ധതി ആരംഭിച്ചു. ചന്ദനം വളരുന്ന കേരളത്തിലെ ഏക പ്രദേശമാണ് മറയൂർ. മറയൂർ, ചിന്നാർ മേഖലയിലെ വന ഭൂമിയിൽ മാത്രം 30 സെന്റീമീറ്ററിൽ കൂടുതൽ വലുപ്പമുള്ള 65,000 ചന്ദനമരങ്ങൾ ഉണ്ട്.

1910-20 കാലഘട്ടങ്ങളിൽ ഇംഗ്ലീഷുകാരുടെ നേതൃത്വത്തിൽ മറയൂരിലെ കിളി കൂട്ടുമല, നാച്ചിവയൽ, പാളപ്പെട്ടി, വണ്ണാന്തു വനമേഖലകളിൽ ചന്ദനത്തൈകൾ വ്യാപകമായി നട്ടുവളർത്തിയിരുന്നു. നൂറുവർഷത്തെ കാത്തിരിപ്പി നൊടുവിൽ നാലുവർഷം മുമ്പ് മറയൂർ ചന്ദനക്കാട്ടിൽ മഞ്ഞപ്പെട്ടി മേഖലയിൽ രണ്ടു ഹെക്ടർ സ്ഥലത്തെ ചന്ദന പ്ലാന്റേഷൻ (സാൻ ഡൽ ഓഗുമെന്റേഷൻ പ്ലോട്ട്) പരീക്ഷണാർഥം സ്ഥാപിച്ചു. രണ്ടു ഹെക്ടറിലായി 4600 തൈകളാണ് വളർന്നുവരുന്നത്. പരീക്ഷണം വിജയിച്ച സാഹചര്യത്തിലാണ് പുതിയ മേഖലയിലേക്കും പ്ളാന്റേഷൻ വ്യാപിപ്പിക്കുവാൻ ഒരുങ്ങുന്നത്.

കപ്പനോട് മേഖലയിൽ രണ്ടിടത്തും അക്കരശീമ ഭാഗത്തുമാണ് പുതുതായി ചന്ദനത്തകൾ നട്ടുവളർത്തി വരുന്നത്. കപ്പനോട ഒന്നാം പ്ലോട്ടിൽ 2.7 ഹെക്ടർ സ്ഥലത്താണ് 3100 തൈകളും രണ്ടാം പ്ലോട്ടിൽ 5100 തൈകളും അക്കരശീമ പ്ലോട്ടിൽ 3.8 ഹെക്ടർ സ്ഥലത്ത് 6000 തൈകളുമാണ് നട്ടുവളർത്തി വരുന്നത്. നാച്ചിവയൽ വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ചന്ദനക്കാട് ഒരുങ്ങുന്നത്.

Top