ന്യൂഡല്‍ഹി: ഇന്ന് ലോക ജനാധിപത്യ ദിനമായി ഐക്യരാഷ്ട്ര സംഘടന ആചരിക്കുകയാണ്. 11-ാമത്തെ വര്‍ഷമാണ് യു.എന്‍ ഈ ദിനം ആഘോഷിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമാണ് ലോകത്ത് ജനാധിപത്യ ആശയങ്ങള്‍ ശക്തി പ്രാപിച്ചത്. ആഫ്രിക്കന്‍, അമേരിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളുടെ സ്വാതന്ത്ര പ്രഖ്യാപനങ്ങള്‍ക്ക് ശേഷമായിരുന്നു ഇത്. 192 രാജ്യങ്ങളില്‍ 120 എണ്ണം ഇന്ന് ജനാധിപത്യം പിന്തുടരുന്നു. 1941ല്‍ വെറും 11 രാജ്യങ്ങളില്‍ മാത്രമായിരുന്നു പാര്‍ലമെന്ററി ജനാധിപത്യം ഉണ്ടായിരുന്നത്.
ദക്ഷിണേഷ്യ ലോകത്തിന്റെ ആകെ വിസ്തീര്‍ണ്ണത്തിന്റെ മൂന്ന് ശതമാനവും മൊത്തം ജനസംഖ്യയുടെ 21 ശതമാനവും ഉള്‍ക്കൊള്ളുന്നു. എന്നാല്‍, ലോകത്തിലെ ആകെ ജനാധിപത്യമനുഭവിക്കുന്ന ആളുകളില്‍ 50 ശതമാനവും ഈ പ്രദേശത്താണ്. എന്നാല്‍, പട്ടിണി, തുല്യതയില്ലായ്മ, ലിംഗസമത്വ പ്രശ്‌നങ്ങള്‍, അഴിമതി തുടങ്ങിയവയാണ് ഈ മേഖല നേരിടുന്ന പ്രശ്‌നങ്ങളെന്ന് യുഎന്‍ വ്യക്തമാക്കുന്നു.
അന്താരാഷ്ട്ര സംഘടനയായ ഐഡിയ( ദ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെമോക്രസി ആന്റ് ഇലക്ടറല്‍ അസിസ്റ്റന്‍സ്) ജനാധിപത്യ രാജ്യങ്ങളില്‍ വിശദമായ പഠനം നടത്തി. ജനാധിപത്യ സംസ്‌ക്കാരം നേരിടുന്ന ഭീഷണികള്‍ കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു ഇത്. 1975 മുതല്‍ 2017 വരെയുള്ള കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ സംഘടന ജനാധിപത്യ സൂചിക ഉണ്ടാക്കി. 98 ഘടകങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പഠനം. സര്‍ക്കാരുകള്‍, മൗലിക അവകാശങ്ങള്‍, നേതാക്കള്‍ തുടങ്ങിയവയെക്കുറിച്ച് ഇവര്‍ വിശദമായി പരിശോധിച്ചു.
ഇന്ത്യയും ശ്രീലങ്കയുമാണ് താരതമ്യേന മികച്ച പ്രകടനം കാഴ്ച വച്ചത്. അഫ്ഗാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്താത്ത സര്‍ക്കാരുകള്‍ ഉണ്ടായിരുന്നു.
ശ്രീലങ്കയ്ക്കും പാക്കിസ്ഥാനും മൗലികാവകാശ സംരക്ഷണത്തിന്റെ കാര്യത്തില്‍ 1970-80കളില്‍ ചെറിയ ക്ഷീണം സംഭവിച്ചു. എന്നാല്‍ 1970 മുതല്‍ ഇന്ത്യ ഇക്കാര്യത്തില്‍ മികച്ച പ്രകടനം കാഴ്ച വച്ചെന്നാണ് പഠനം. 2015ലാണ് ഇക്കാര്യത്തില്‍ ഇന്ത്യ അല്‍പം പുറകോട്ട് പോയത്.
ലിംഗ സമത്വത്തിന്റെ കാര്യത്തില്‍ നേപ്പാളാണ് മുന്നില്‍. ഇന്ത്യ 2003 വരെ ലോക സൂചികയ്ക്കും മുകളില്‍ പ്രകടനം കാഴ്ച വച്ചിരുന്നത് പെട്ടെന്ന് താഴേയ്ക്ക് പോയി.
ദക്ഷിണേഷ്യ 1975 മുതല്‍ 1994 വരെ സര്‍ക്കാര്‍ ഭരണത്തില്‍ മുന്നിലാണ്. ലോകത്തിലെ മറ്റെവിടെയുള്ളതിനേക്കാളും നല്ല സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.
സമത്വ ഭരണം കാഴ്ച വയ്ക്കുന്നതില്‍ നേപ്പാളില്‍ മാത്രമാണ് ഗുണകരമായ സമീപനങ്ങള്‍ ഉണ്ടായിട്ടുള്ളത്. അഴിമതിയും ഇതിനോട് കൂടിച്ചേര്‍ന്ന് നില്‍ക്കുന്ന കാര്യമാണ്. അഴിമതി രഹിതം എന്ന സൂചിക ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ കാര്യത്തില്‍ വളരെ പുറകിലാണെന്ന് പഠനം വ്യക്തമാക്കുന്നു. എന്നാല്‍ 1978 മുതല്‍ 2012 വരെ തീരുമാനങ്ങളിലുള്ള ജനകീയ പങ്കാളിത്വത്തിന്റെ കാര്യത്തില്‍ ഇന്ത്യ വളരെ മുന്നിലായിരുന്നു. ജനങ്ങള്‍ക്ക് ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്ന കണ്ടുപിടുത്തവും വളരെ ആശങ്കയുണ്ടാക്കുന്നതാണ്.
സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന്റെ കാര്യത്തിലും 2017 ആകുമ്പോഴേക്കും ഇന്ത്യ വളരെ താഴേയ്ക്ക് പോയി എന്ന് കാണാനാകും. നിയമ സംവിധാനവും കുറേക്കൂടി ഇന്ത്യയില്‍ സുതാര്യമാകണമെന്ന് ഐഡിയ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. നേരത്തെ മുന്നിട്ടു നിന്ന പല കാര്യങ്ങളിലും 2017 ആകുമ്പോഴേക്കും ഇന്ത്യ പിന്നിലാകുന്നതായി പഠനം വ്യക്തമാക്കുന്നു.