തിരുവനന്തപുരം: ദേവസ്വംപ്രസിഡന്റ് എ. പത്മകുമാറിനെ കോണ്‍ഗ്രസിലേയ്ക്ക് സ്വാഗതം ചെയ്ത് കെ. മുരളീധരന്‍. സിപിഎമ്മില്‍ തുടര്‍ന്നാല്‍ പത്മകുമാറിന് രക്ഷയില്ലെന്നാണ് മുരളീധരന്‍ പറഞ്ഞത്.
അതേസമയം, ശബരിമലയിലെ പ്രതിഷേധങ്ങളില്‍ പ്രതികരണവുമായി എ.പത്മകുമാര്‍ രംഗത്തെത്തിയിരുന്നു. ശബരിമല ആചാര സംരക്ഷണത്തിനിറങ്ങിയത് ആര്‍എസ്എസുകാര്‍ മാത്രമാണെന്ന തെറ്റിദ്ധാരണ തനിക്കോ ബോര്‍ഡിനോ ഇല്ലെന്നായിരുന്നു പത്മകുമാര്‍ പറഞ്ഞത്.
വനിതാമതിലുമായി ബന്ധപ്പെട്ടു വഞ്ചിക്കപ്പെട്ടുവെന്ന എസ്എന്‍ഡിപി യോഗം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശന്റെ വാദത്തില്‍ കഴമ്പില്ലെന്നും വനിതാമതിലിന് പോകുന്നതിനു മുന്‍പ് നന്നായി ആലോചിക്കണമായിരുന്നെന്നും എന്തെങ്കിലും ആഗ്രഹിച്ചിട്ടു കിട്ടാതെ വരുമ്പോള്‍ വഞ്ചന എന്നുപറഞ്ഞിട്ടു കാര്യമില്ലെന്നും പത്മകുമാര്‍ പറഞ്ഞു.
യുവതീപ്രവേശ വിഷയത്തില്‍ യഥാര്‍ഥ വിശ്വാസികളുടെ വിചാരവികാരങ്ങള്‍ മനസ്സിലാക്കണമെന്നാണു തന്റെ നിലപാടെന്നും എന്നാല്‍ വിശ്വാസത്തിന്റെ പേരുപറഞ്ഞിറങ്ങിയവരില്‍ കപട വിശ്വാസികളുമുണ്ട്. ഇക്കാര്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് അംഗീകരിക്കാനാവില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു ബോര്‍ഡ് പുനഃപരിശോധനാഹര്‍ജി നല്‍കാതിരുന്നതെന്നും പത്മകുമാര്‍ വ്യക്തമാക്കിയിരുന്നു.