കൊച്ചി: സംസ്ഥാന വിവരാവകാശ കമ്മീഷന്‍ അംഗങ്ങളെ തരഞ്ഞെടുത്തത് സുപ്രീംകോടതി നിര്‍ദേശങ്ങള്‍ മറികടന്നെന്ന് കാണിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കല്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കി.
2013 സെപ്റ്റംബറില്‍ അമിത് ശര്‍മ കേന്ദ്ര ഗവണ്‍മെന്റിനെതിരെ നല്‍കിയ കേസില്‍ സുപ്രീംകോടതി ഇറക്കിയ ഉത്തരവ് മറികടന്നാണ് സര്‍ക്കാര്‍, കമ്മീഷന്‍ അംഗങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നതെന്നും ഇത് അംഗീകരിക്കരുതെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മുന്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോളിനെയാണ് മുഖ്യ വിവരാവകാശ കമ്മീഷണറായി തിരഞ്ഞെടുത്തിരിക്കുന്നത്. നിലവില്‍ സിബി മാത്യുവാണ് മുഖ്യ വിവരാവകാശ കമ്മീഷണര്‍. അദ്ദേഹത്തിന്റെ കാലാവധി 2016 ഏപ്രില്‍ 23-നാണ് അവസാനിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ ഇടപെടാനോ പുതിയ കമ്മീഷനെ നിയമിക്കാനോ സര്‍ക്കാരിന് അവകാശമില്ല.
ഇക്കാര്യത്തില്‍ കടുത്ത നിയമ ലംഘനമാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നതെന്നും ജോമോന്‍ ആരോപിച്ചു.
കമ്മീഷന്‍ അംഗങ്ങളെ നിയമിക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗങ്ങളായവരെ തിരഞ്ഞെടുക്കരുതെന്നും സുപ്രീംകോടതി നിര്‍ദ്ദേശമുണ്ട്. എന്നാല്‍ തിരഞ്ഞെടുത്തിരിക്കുന്ന അഞ്ച് പേരും രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗങ്ങളാണ്. പ്രത്യേകിച്ച് ഭരണപക്ഷ മുന്നണിയിലെ അംഗങ്ങള്‍.
പുതിയതായി നിയമിക്കപ്പെട്ട അബ്ദുള്‍ മജീദ്- കെപിസിസി സെക്രട്ടറിയും, എബി കുര്യാക്കോസ്-ആലപ്പുഴ ഡിസിസി ജനറല്‍ സെക്രട്ടറിയുമാണ്. അങ്കത്തില്‍ അജയകുമാര്‍- ജനതാദള്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും പി.ആര്‍. ദേവദാസ്- വിശ്വകര്‍മ്മസഭയുടെ കോണ്‍ഗ്രസ് അനുകൂല ഗ്രൂപ്പ് നേതാവുമാണ്. അഡ്വ. റോയ്‌സ് ചിറയില്‍- കേരള കോണ്‍ഗ്രസ് നോമിനിയായാണ് വിവരാവകാശ കമ്മീഷന്‍ അംഗമായിട്ടുള്ളത്.
നിയമിക്കപ്പെടുന്ന അംഗങ്ങള്‍ നിയമജ്ഞര്‍, വിവര സാങ്കേതിക വിദ്യയില്‍ പ്രാഗത്ഭ്യമുള്ളവര്‍, ശാസ്ത്രം, സാമൂഹ്യ സേവനം, പത്രപ്രവര്‍ത്തനം എന്നീ രംഗങ്ങളില്‍ നിന്നുള്ളവരായിരിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍ തിരഞ്ഞെടുക്കപ്പെട്ട അഞ്ച് പേര്‍ക്കും ഈ ഗുണങ്ങളില്ലെന്ന് പരാതിയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍ ആക്ട് നിയമത്തിനും സുപ്രീംകോടതി ഉത്തരവിനും എതിരായ നടപടിയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. സര്‍ക്കാരിന്റെ ലിസ്റ്റ് അംഗീകരിക്കരുതെന്നും ഇതില്‍ പ്രത്യേകമായ അന്വേഷണം നടത്തണമെന്നും ജോമോന്‍ പുത്തന്‍പുരക്കല്‍ പരാതിയില്‍ ആവശ്യപ്പെട്ടു.