ചണ്ഡീഗഡ്: നിഹാംഗ് സിഖുകാരുടെ സംഘം നടത്തിയ വെടിവെയ്പ്പില്‍ പൊലീസുകാരന് ദാരുണാന്ത്യം. പഞ്ചാബിലെ കപൂര്‍ത്തലയിലുള്ള ഗുരുദ്വാരയിലാണ് വെടിവെയ്പ്പ് ഉണ്ടായത്. വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഗുരുദ്വാരയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയാണ് സംഘര്‍ഷമുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു.
ഗുരുദ്വാര കൈയേറിയെന്നാരോപിച്ച് നിഹാംഗ് സിഖ് വിഭാഗത്തില്‍പ്പെട്ട 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ പൊലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് കപൂര്‍ത്തല പൊലീസ് സൂപ്രണ്ട് തേജ്ബീര്‍ സിംഗ് ഹുണ്ടല്‍ പിടിഐയോട് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഗുരുദ്വാരയ്ക്കകത്ത് മുപ്പതോളം നിഹാംഗുകള്‍ തമ്പടിച്ചിരിക്കുന്നതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
പ്രദേശത്ത് പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 2020-ല്‍ കൊവിഡ് ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടതിന് പട്യാലയില്‍ നിഹാംഗ് പ്രതിഷേധക്കാര്‍ ഒരു പൊലീസ് ഓഫീസറുടെ കൈ വെട്ടിയിരുന്നു.