ന്യൂഡല്‍ഹി: രാജ്യത്തെ അതിസമ്പന്നര്‍ക്ക് മാത്രമായി രാജ്യത്തെ സ്വകാര്യ വിമാന ടെര്‍മിനല്‍ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തുറന്നു. ഒരു ദിവസം 150 വിമാനങ്ങള്‍ക്ക് ഈ ടെര്‍മിനല്‍ വഴി സര്‍വീസ് നടത്താം. മണിക്കൂറില്‍ 50 യാത്രക്കാരെയും ടെര്‍മിനലിന് കൈകാര്യം ചെയ്യാനാവും.
ബിസിനസ് ജെറ്റ്, ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ എന്നിവയുടെ സര്‍വീസ് കൂടുതല്‍ എളുപ്പമാക്കുന്നതാണ് ഈ നീക്കം. രാജ്യത്തെ അതിസമ്പന്നര്‍ ദീര്‍ഘകാലമായി കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വച്ചിരുന്ന ഒരു ആവശ്യം കൂടിയായിരുന്നു ഇത്. രാജ്യത്തെ അതിസമ്പന്നരുടെ എണ്ണത്തില്‍ 2018 വരെയുള്ള അഞ്ച് വര്‍ഷത്തിനിടെ 116 ശതമാനം വര്‍ധനവുണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2023 ഓടെ ഇത് 37 ശതമാനം കൂടി വര്‍ധിക്കുമെന്നും കരുതുന്നു.
നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷിതമായ യാത്രയ്ക്ക് അതിസമ്പന്നര്‍ സ്വകാര്യ വിമാനങ്ങളും ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുമാണ് ആശ്രയിച്ചത്. ബിസിനസ് ജെറ്റുകള്‍ എയര്‍ ആംബുലന്‍സായും ഉപയോഗിക്കാമെന്നും ഉള്‍പ്രദേശങ്ങളില്‍ വരെ എത്താനാവുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്.