പത്തനംതിട്ട: മകര സംക്രമ നാളില്‍ ശബരിമലയില്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പന്തളത്ത് നിന്ന് പുറപ്പെടും. പന്തളം രാജകുടുംബാംഗത്തിന്റെ മരണത്തെ തുടര്‍ന്ന് തിരുവാഭരണ ഘോഷയാത്ര ഇത്തവണ പുനഃക്രമീകരിച്ചിട്ടുണ്ട്. പന്തളം വലിയ കോയിക്കല്‍ ക്ഷേത്രവും സ്രാമ്പിക്കല്‍ കൊട്ടാരവും അടച്ചിട്ടിരിക്കുകയാണ്.
പ്രത്യേക പീഠത്തില്‍ പേടകങ്ങള്‍ വയ്ക്കും. ഭക്തര്‍ക്ക് ഇവിടെ പെട്ടി തുറന്ന് ദര്‍ശനം ഉണ്ടായിരിക്കില്ലെന്ന് പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം പ്രസിഡന്റ് ശങ്കര്‍ വര്‍മ്മ സെക്രട്ടറി സുരേഷ് വര്‍മ്മ എന്നിവര്‍ അറിയിച്ചു. ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവാഭരണ ഘോഷയാത്ര പുറപ്പെടും. മണികണ്ഠന്‍ ആല്‍ത്തറയ്ക്ക് മുമ്പ് വരെ വാദ്യമേളങ്ങളും സ്വീകരണങ്ങളും ഒഴിവാക്കും.ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയാണ് തിരുവാഭരണ പേടകം ശിരസ്സിലേറ്റുക. പതിനേഴിന് കൊട്ടാരത്തിലെ അശുദ്ധി കഴിയുന്നതിനാല്‍ പതിനെട്ടിന് പന്തളം രാജകുടുംബാംഗങ്ങള്‍ സന്നിധാനത്തെത്തും. കളഭ പൂജയിലും ഗുരുതിയിലും കുടുംബാംഗങ്ങള്‍ പങ്കെടുക്കും. 21 ന് നട അടച്ച ശേഷമായിരിക്കും കുടുംബാംഗങ്ങള്‍ മലയിറങ്ങുക.
ഇത്തവണ തിരുവാഭരണ ഘോഷയാത്രയില്‍ പന്തളം രാജപ്രതിനിധിയുടെ സാന്നിധ്യം ഉണ്ടാകില്ല. പന്തളം കൊട്ടാരത്തിലും ക്ഷേത്രത്തിലും നടത്തേണ്ട ആചാരപരമായ ചടങ്ങുകളും ഉണ്ടാകില്ല. പുത്തന്‍മേട കൊട്ടാരമുറ്റത്ത് ഒരുക്കിയിരിക്കുന്ന പന്തലിലേക്ക് തിരുവാഭരണ പേടകങ്ങള്‍ ഏഴ് മണിക്ക് എത്തിക്കും.