പാലക്കാട്: ആത്മഹത്യ ചെയ്ത കല്ലേക്കാട് എ.ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ കുമാറിനെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മര്‍ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്‌തെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തണമെന്ന് ഭാര്യ സജിനി. ആവശ്യം അംഗീകരിക്കുന്നില്ലെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമരം നടത്തുമെന്നും സജിനി പറഞ്ഞു.
നിലവില്‍ ആത്മഹത്യ എന്ന നിലയിലാണ് അന്വേഷണം നടക്കുന്നത്. ആത്മഹത്യാ പ്രേരണകുറ്റമാണ് ഇതിലെ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ക്യാമ്പിലെ മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് എല്‍. സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എസ്. ദേവദാസിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്യിരുന്നു. കുമാറിന്റെ ആത്മഹത്യാ കുറിപ്പിലെയും ഭാര്യയുടെ പരാതിയിലെയും ആരോപണങ്ങള്‍ കണക്കിലെടുത്താണ് അറസ്റ്റ്. കേസില്‍ നേരത്തെ രണ്ട് എഎസ്‌ഐ മാരടക്കം 7 പൊലീസുദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ 25 ന് രാത്രിയാണ് ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷന് സമീപത്ത് കുമാറിനെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കാണപ്പെട്ടത്.