പോണ്ടിങ്ങിന്റെ നായകത്വത്തെ വെല്ലാന്‍ കൊഹ്‌ലിപ്പട ; ഇന്ത്യയെ കാത്തിരിക്കുന്നത് അപൂര്‍വ്വ റെക്കോര്‍ഡ്‌

ഡല്‍ഹി: ശ്രീലങ്കയ്‌ക്കെതിരായ അവസാന ടെസ്റ്റ് മത്സരവും വിജയിച്ചാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് അപൂര്‍വ്വ റെക്കോര്‍ഡ്.

അടുത്ത മത്സരത്തിലും ജയിച്ചാല്‍ തുടര്‍ച്ചയായി ഏറ്റവും അധികം ടെസ്റ്റ് പരമ്പര വിജയിച്ച ടീം എന്ന നേട്ടമാണ് കൊഹ്‌ലിപ്പട സ്വന്തമാക്കുക.

ഇതോടെ റിക്കി പോണ്ടിങ്ങിന് കീഴില്‍ 2005-2008 കാലയളവില്‍ ഓസീസ് നേടിയ ഒമ്പത് പരമ്പര വിജയങ്ങളെന്ന റെക്കോര്‍ഡിന് ഒപ്പമാകും ഇന്ത്യന്‍ താരങ്ങളും.

മുന്‍ നായകരായ ഗാംഗുലിക്കും ധോണിക്കും സ്വന്തമാക്കാന്‍ കഴിയാതെ പോയ റെക്കോര്‍ഡാണ് കൊഹ്‌ലിയെ കാത്തിരിക്കുന്നത്.

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിലൂടെ ഇന്ത്യന്‍ താരങ്ങളുടെ ടെസ്റ്റ് റാങ്കിംഗില്‍ മുന്നേറ്റം ഉണ്ടായിരുന്നു.

കരിയറിലെ ഏറ്റവും ഉയര്‍ന്ന പോയിന്റോടെ (888) പൂജാര രണ്ടാം സ്ഥാനത്ത് എത്തി.

രണ്ടാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി നേടിയ കൊഹ്‌ലി 60 പോയിന്റ് ഉയര്‍ത്തി.

ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് പ്രഥമസ്ഥാനം കരസ്ഥമാക്കിയ പട്ടികയില്‍ പൂജാരയെ കൂടാതെ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി അഞ്ചാം സ്ഥാനത്തും, കെ.എല്‍ രാഹുല്‍ ഒമ്പതാം സ്ഥാനത്തുമുണ്ട്.

ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്, ന്യൂസിലാന്റ് നായകന്‍ കെയ്ന്‍ വില്യംസണ്‍ എന്നിവര്‍ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍ ഉണ്ട്.

ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ രണ്ടാം സ്ഥാനത്തെത്തി.

വേഗത്തില്‍ 300 വിക്കറ്റ് നേടുന്ന താരമെന്ന റെക്കാഡ് സ്വന്തമാക്കിയ രവിചന്ദ്ര അശ്വിന്‍ ബൗളര്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനം നിലനിര്‍ത്തി.

ഇംഗ്ലണ്ട് താരം ജെയിംസ് ആന്‍ഡേയ്‌സന്‍ ആണ് ഒന്നാം സ്ഥാനത്ത്.

ദക്ഷിണാഫ്രിക്കന്‍ താരം കഗിസോ റബാഡ മൂന്നാം സ്ഥാനത്തുമുണ്ട്.

ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍ മുന്നിട്ട് നില്‍ക്കുന്ന ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ജഡേജ രണ്ടാം സ്ഥാനത്തും അശ്വിന്‍ മൂന്നാം സ്ഥാനത്തുമുണ്ട്.

Top