ബെംഗളൂരു: അഞ്ചുവർഷത്തോളമുള്ള പ്രണയബന്ധം പീഡനമായി കണക്കാനാകില്ലെന്ന് കർണാടക ഹൈക്കോടതി. അഞ്ചുവർഷം ഒരുമിച്ച് ജീവിക്കുകയും പിന്നീട് വിവാഹവാഗ്ദാനത്തിൽ നിന്നും യുവാവ് പിൻമാറിയ സംഭവത്തിലാണ് കോടതിയുടെ പരാമർശം. തുടർന്ന് യുവാവിനെ കോടതി വെറുതെ വിടുകയായിരുന്നു. ജസ്റ്റിസ് നാഗപ്രസന്നയാണ് യുവാവിനെ വെറുതെ വിട്ട് വിധി പുറപ്പെടുവിച്ചത്.
വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു പെൺകുട്ടി കോടതിയെ സമീപിച്ചത്. അഞ്ചുവർഷത്തോളം പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹത്തിൽ നിന്നും യുവാവ് പിൻമാറുകയായിരുന്നുവെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. പരാതിയിൽ ബെംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതി യുവാവിനെതിരെ കുറ്റം ചുമത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ യുവാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഇവരുടെ ബന്ധം ദിവസങ്ങളോ മാസങ്ങളോ മാത്രമായി നീണ്ടുനിന്നതല്ല. വർഷങ്ങളോളം ബന്ധമുണ്ടായിരുന്നു. അഞ്ചുവർഷത്തോളം. ഈ അഞ്ചുവർഷത്തോളം യുവതിയുടെ താൽപ്പര്യത്തിന് വിരുദ്ധമാണ് കാര്യങ്ങൾ നടന്നതെന്ന് പറയാനാകില്ലെന്നും കോടതി പറഞ്ഞു.
ബെംഗളൂരു സ്വദേശിയായ യുവാവും യുവതിയും അഞ്ചുവർഷമായി പ്രണയത്തിലായിരുന്നു. വ്യത്യസ്ഥ മതവിഭാഗങ്ങളായതിനാൽ വിവാഹത്തിൽ നിന്നും പിൻമാറേണ്ടി വന്നെന്നും യുവാവ് കോടതിയിൽ സമ്മതിച്ചു. എന്നാൽ അഞ്ചുവർഷത്തെ ബന്ധം പീഡനമായി കണക്കാക്കാനാകില്ലെന്നും കോടതി പറഞ്ഞു. കൂടാതെ ബന്ധം നിലനിന്നിരുന്ന സമയത്തുള്ള സാമ്പത്തിക ഇടപാടുകൾ 406ാം വകുപ്പ് പ്രകാരമുള്ള വിശ്വാസ വഞ്ചനയിൽ വരില്ലെന്നും കോടതി വ്യക്തമാക്കി.