ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തില്‍ റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ടെല്‍ അവീവ്: ഇസ്രയേലും ലെബനീസ് സായുധസംഘടനയായ ഹിസ്ബുള്ളയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ ഭാഗത്ത് നിന്നുമുണ്ടായ ആക്രമണത്തിലാണ് വീഡിയോ ജേണലിസ്റ്റ് ഇസ്സാം അബ്ദള്ള കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആറ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

വീഡിയോഗ്രാഫറുടെ മരണം റോയിട്ടേഴ്‌സും സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമല്ല. അപകടത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ തേടുന്നുണ്ട്. മേഖലയിലെ അധികാരികളുമായി വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. ഇസ്സാമിന്റെ കുടുംബത്തെയും സഹപ്രവര്‍ത്തകരേയും അവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നും റോയിട്ടേഴ്‌സ് അറിയിച്ചു.

അല്‍-ജസീറ, എ.എഫ്.പി., റോയിട്ടേഴ്‌സ് എന്നീ സ്ഥാപനങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ സംഘം ഇസ്രയേല്‍ അതിര്‍ത്തിയോട് ചേര്‍ന്ന് റിപ്പോര്‍ട്ടിങ് ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. ആക്രമണത്തില്‍ ഇസ്രയേലിനെ കുറ്റപ്പെടുത്തിക്കൊണ്ട് ലെബനന്‍ പ്രധാനമന്ത്രിയും ഹിസ്ബുള്ള നേതാവും രംഗത്തെത്തി.സംഭവത്തില്‍ ഇസ്രയേല്‍ പ്രതിരോധ സേന ഇതുവരെ പ്രതികരിച്ചിട്ടില്ല. ജോലി ചെയ്യുന്ന ഒരു മാധ്യമപ്രവര്‍ത്തകരെ അക്രമിക്കുന്ന വെടിവയ്ക്കുന്നതിനോ കൊലപ്പെടുത്തുന്നതിനോ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇസ്രയേല്‍ യുഎന്‍ പ്രതിനിധി ഗിലാദ് എര്‍ദാന്‍ വ്യക്തമാക്കി. കര്‍മ്മരംഗത്തുള്ള ഒരു മാധ്യമപ്രവര്‍ത്തകനേയും ലക്ഷ്യമിട്ടിരുന്നില്ലെന്നും എന്നാല്‍ തങ്ങള്‍ ഒരു യുദ്ധാന്തരീക്ഷത്തിലാണ്. ഈ സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായേക്കാം. വിഷയം ഇസ്രയേല്‍ അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

Top