ദില്ലി : സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമസാധുത നല്‍കാനാകില്ലെന്ന സുപ്രീംകോടതി വിധിക്കെതിരെ ഹര്‍ജിക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. അഞ്ചംഗ ഭരണഘടന ബഞ്ചിന്റെ വിധിക്കെതിരെയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമസാധുത നല്‍കണമെന്ന ആവശ്യം സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളുകയായിരുന്നു.
വിവാഹം കഴിക്കാനും കുട്ടികളെ ദത്തെടുക്കാനും സ്വവര്‍ഗ്ഗ പങ്കാളികള്‍ക്ക് അവകാശമുണ്ടാകില്ല. വിവാഹം മൗലിക അവകാശമല്ലെന്ന് അഞ്ചംഗ ഭരണഘടന ബഞ്ച് ഏകകണ്ഠമായി വിധിച്ചു. സ്ത്രീപുരുഷ വിവാഹങ്ങള്‍ക്ക് മാത്രം അംഗീകാരം നല്കുന്ന പ്രത്യേക വിവാഹ നിയമത്തിലെ നാലാം വകുപ്പ് ഭരണഘടന വിരുദ്ധമല്ലെന്നും 3-2 ഭൂരിപക്ഷത്തില്‍ കോടതി വിധി.
സ്വവര്‍ഗ വിവാഹത്തിന് അംഗീകാരമില്ല; 3-2ന് ഭരണഘടനാ ബഞ്ച് ഹര്‍ജികള്‍ തള്ളി
സ്വവര്‍ഗ്ഗ പങ്കാളികള്‍ ഒന്നിച്ചു ജീവിക്കുന്നതിന് തടസ്സമില്ല. എന്നാല്‍ ഇത് മൗലിക അവകാശമായി അംഗീകരിച്ച് നിയമസാധുത നല്‍കാനാവില്ലെന്നായിരുന്നു സുപ്രീംകോടതി വിധി. സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമസാധുത നല്‍കേണ്ടത് കോടതിയല്ല, പാര്‍ലമെന്റാണ് എന്ന നിലപാടിനോട് എല്ലാ ജഡ്ജിമാരും യോജിച്ചു. പ്രത്യേക വിവാഹ നിയമത്തിലെ നാലാം വകുപ്പ് സ്ത്രീക്കും പുരുഷനും മാത്രമാണ് വിവാഹിതരാകാന്‍ അവകാശം നല്കുന്നത്. ഇത് വിവേചനമാണെന്നും ഭരണഘടന വിരുദ്ധാണെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് തന്റെ വിധി പ്രസ്താവത്തില്‍ വ്യക്തമാക്കി. ജസ്റ്റിസ് എസ്‌കെ കൗള്‍ ഇതിനോട് യോജിച്ചു. എന്നാല്‍ ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, ഹിമ കോലി, പിഎസ് നരസിംഹ എന്നിവര്‍ ചീഫ് ജസ്റ്റിസിന്റെ നിലപാട് തള്ളി. കുട്ടികളെ ദത്തെടുക്കാനുള്ള അവകാശം സ്വവര്‍ഗ്ഗ പങ്കാളികള്‍ക്ക് നല്‍കാനാവില്ലെന്നും മൂന്ന് ജഡ്ജിമാര്‍ ഭൂരിപക്ഷ വിധിയില്‍ വ്യക്തമാക്കിയിരുന്നു. വിവാഹത്തിന് നിയമസാധുത നല്‍കാത്തപ്പോള്‍ തന്നെ സ്വവര്‍ഗ്ഗ പങ്കാളികളോട് വിവേചനം ഉണ്ടാകില്ലെന്ന് കേന്ദ്രം ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.