2023 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് തിരിച്ചടി

ചെന്നൈ: 2023 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. സൂപ്പര്‍ താരം ശുഭ്മാന്‍ ഗില്‍ ആശുപത്രിയില്‍ ചികിത്സയിലെന്ന് റിപ്പോര്‍ട്ട്. ഡെങ്കിപ്പനി മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന്റെ രക്തത്തില്‍ പ്ലേറ്റ്ലെറ്റ് കുറവാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നവംബര്‍ 14 ന് നടക്കുന്ന പാകിസ്താനെതിരായ മത്സരത്തിലും ഗില്‍ കളിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2023-ല്‍ ഏകദിനത്തിലെ ടോപ് സ്‌കോററാണ് ഗില്‍. ഈ വര്‍ഷം അഞ്ച് സെഞ്ചുറികളും അഞ്ച് അര്‍ധ സെഞ്ചുറികളുമടക്കം 72.35 ശരാശരിയില്‍ 1230 റണ്‍സ് നേടിയ ഗില്ലിന്റെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ഡെങ്കി രോഗികള്‍ പൂര്‍ണ ആരോഗ്യം കൈവരിക്കാന്‍ ഏഴു മുതല്‍ 10 ദിവസം വരെയെടുത്തേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാരണത്താല്‍ തന്നെ 10 ദിവസത്തോളും ഗില്ലിന് വിശ്രമം ആവശ്യമായി വന്നേക്കാം.

ഗില്ലിന് ഡങ്കിപ്പനിയാണെന്ന് നേരത്തേ ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു. രോഗബാധിതനായതിനെത്തുടര്‍ന്ന് താരത്തിന് ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ മത്സരവും നഷ്ടപ്പെട്ടു. ഗില്ലിന് പകരം ഇഷാന്‍ കിഷനാണ് ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണ്‍ ചെയ്തത്. രോഗം മൂലം താരത്തിന് അഫ്ഗാനിസ്താനെതിരായ അടുത്ത മത്സരവും നഷ്ടപ്പെടുമെന്ന കാര്യമുറപ്പായി.

 

 

Top