A-Shaina mol-Kollam-District-Collector

കൊല്ലം : പുറ്റിങ്ങല്‍ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ നടപടി സ്വീകരിക്കുകയാണെങ്കില്‍ കളക്ടര്‍ അടക്കമുള്ള റവന്യു ഉദ്യോഗസ്ഥര്‍ക്കും ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞ് മാറാന്‍ കഴിയില്ലെന്ന് ഉന്നത ഉദ്യോഗസ്ഥര്‍.

കളക്ടറുടെ ഉത്തരവ് പോലീസ് നടപ്പാക്കിയില്ലെന്ന് ആരോപിക്കുന്ന കളക്ടര്‍ക്ക് അതിര്‍ത്തി കടന്ന് വരുന്ന വാഹനങ്ങള്‍ പരിശോധിക്കുന്നതിനടക്കം ചുമതലപ്പെട്ട തന്റെ സ്‌ക്വാഡിന് എന്തുകൊണ്ട് പരവൂരിലെത്തിച്ച സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ ചോദിക്കുന്നത്.

ഇനി വെടിക്കെട്ട് തുടങ്ങുമ്പോള്‍ തന്നെ അത് തടയണമെന്നായിരുന്നുവെങ്കില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ കളക്ടറും എ.ഡി.എമ്മു മെല്ലാം സ്ഥലത്തുണ്ടാവണമായിരുന്നുവെന്നും സെന്‍സിറ്റീവായ ഈ കാര്യത്തില്‍ അപകടം നടന്ന് കഴിഞ്ഞതിനുശേഷം വിഴുപ്പലക്കുന്നത് ‘മറ്റ് ചില കാര്യങ്ങള്‍’ മുന്‍നിര്‍ത്തിയാണെന്നുമാണ് വിമര്‍ശനം.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനുശേഷം ജില്ലാ ഭരണം പൂര്‍ണ്ണമായും കേന്ദ്രീകരിക്കപ്പെട്ട കളക്ടര്‍ക്ക് തന്നെ നേരിട്ട് പലതും ചെയ്യാന്‍ അധികാരമുണ്ടെന്നിരിക്കെ തന്റെ സ്‌ക്വാഡിനെ വച്ച് തന്നെ സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുക്കാന്‍ നിയമിക്കാമായിരുന്നു.

ഇനി അതല്ലെങ്കില്‍ താന്‍ അനുമതി നല്‍കാത്ത വെടിക്കെട്ട് നടക്കുന്നതായി വിവരം ലഭിച്ചാല്‍ ഉടന്‍തന്നെ കളക്ടര്‍ക്ക് തന്നെ സ്ഥലത്തെത്തി തുടര്‍ നടപടിക്ക് നേതൃത്വം നല്‍കാമായിരുന്നു.

വെടിക്കെട്ട് തുടങ്ങി അത്യാഹിതം സംഭവിക്കുന്നതുവരെ വെടിക്കെട്ട് ബലമായി തടയണമെന്ന ഒരു നിര്‍ദ്ദേശവും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ കളക്ടര്‍ പോലീസിന് നല്‍കിയിരുന്നില്ല.

ബലം പ്രയോഗിക്കുന്ന സാഹചര്യം ഉണ്ടായിരുന്നുവെങ്കില്‍ കാര്യങ്ങള്‍ സാമുദായികപരമായ വിഷയങ്ങളിലേക്ക് കടക്കുമായിരുന്നുവെന്ന വാദമാണ് പോലീസ് നിരത്തുന്നത്.

മത്സര വെടിക്കെട്ട് ഒരു കാരണവശാലും അനുവദിക്കരുതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ആദ്യം നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കളക്ടര്‍ കഴിഞ്ഞ എട്ടിന് അനുമതി നിഷേധിച്ചിരുന്നത്. എന്നാല്‍ ഈ വിവരം പുറത്ത് അറിയിച്ചതുമില്ല.

വെടിക്കെട്ട് തുടങ്ങി അധികം വൈകാതെ ചെറിയ അപകടം ഉണ്ടായപ്പോള്‍ തന്നെ പോലീസ് തടഞ്ഞു. തുടര്‍ന്ന് കാര്യങ്ങള്‍ കൈവിട്ടു പോകുകയാണെന്ന് പോലീസ് ക്ഷേത്രഭാരവാഹികളെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. കളക്ടറുടെ നിരോധന ഉത്തരവുണ്ടായിട്ടും സ്ഥലത്തുണ്ടായിരുന്ന തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും തടയാന്‍ തയ്യാറായില്ല. ജനക്കൂട്ടം പ്രകോപിതരാകുമെന്നതിനാല്‍ പോലീസ് പിന്മാറുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

കളക്ടര്‍ അനുമതി നിഷേധിച്ച വെടിക്കെട്ട് നടന്നിട്ടും സ്ഥലത്തുണ്ടായിരുന്ന തഹസില്‍ദാര്‍ ഉള്‍പ്പെടെ തടയാന്‍ നടപടിയെടുത്തില്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശും വ്യക്തമാക്കി. വെടിക്കെട്ടിന് അനുമതി നല്‍കാന്‍ തനിക്ക് അധികാരമില്ല. ക്ഷേത്ര കമ്മിറ്റിയുടെ അപേക്ഷയില്‍ മത്സര വെടിക്കെട്ട് നടത്താന്‍ അനുവാദം നല്‍കരുതെന്ന റിപ്പോര്‍ട്ടാണ് ആദ്യം നല്‍കിയത്. ആചാരപരമായ വെടിക്കെട്ട് നടത്താന്‍ കര്‍ശന വ്യവസ്ഥകളോടെ അനുമതി നല്‍കുന്നത് പരിഗണിക്കാവുന്നതാണെന്ന രണ്ടാമത്തെ റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കേണ്ടത് കളക്ടറായിരുന്നുവെന്നും കമ്മീഷണര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ക്ഷേത്രഭാരവാഹികള്‍ക്ക് വെടിക്കെട്ടിന് എഡിഎം വാക്കാല്‍ അനുമതി നല്‍കിയെന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ എഡിഎമ്മിന്റെ മൊബൈല്‍ കോള്‍ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. എഡിഎമ്മിന്റെ മൊബൈലിലേക്ക് ക്ഷേത്രം ഭാരവാഹികള്‍ വിളിച്ചതായി സ്ഥിരീകരിച്ചാലും, വാക്കാല്‍ അനുമതി നല്‍കിയെന്ന വാദത്തില്‍ ക്ഷേത്രം ഭാരവാഹികള്‍ ഉറച്ചുനിന്നാലും എഡിഎമ്മിനെ പ്രതിയാക്കി കേസെടുക്കേണ്ടി വരുമെന്നാണ് അറിയുന്നത്. ഇങ്ങനെ വന്നാല്‍ ഇപ്പോള്‍ പോലീസിനെ പ്രതിക്കൂട്ടിലാക്കിയ കളക്ടര്‍ക്ക് വന്‍ പ്രഹരമാകും.

ഇതിനിടെ, തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജില്ലാ കളക്ടറും സിറ്റി പോലീസ് കമ്മീഷണറും ഇടഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ അത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്ന ആശങ്ക പരക്കെയുണ്ട്. അടിയന്തിര നടപടി ഉണ്ടാകണമെന്ന അഭിപ്രായവും ഉദ്യോഗസ്ഥര്‍ക്കിടയില്‍ ശക്തമാണ്.

വെടിക്കെട്ട് നടന്നത് സംബന്ധമായി ഉത്തരവാദിത്വം പൂര്‍ണ്ണമായി പോലീസിന്റെ തലയില്‍ കെട്ടിവച്ച് ജില്ലാ കളക്ടര്‍ റവന്യു മന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ കടുത്ത പ്രതിഷേധത്തിലാണ് പോലീസ് ഉദ്യേഗസ്ഥര്‍.

ഇങ്ങനെയാണെങ്കില്‍ കളക്ടറുമായി യോജിച്ച് പോവാന്‍ പറ്റാത്ത സാഹചര്യമാണ് ജില്ലയിലുള്ളതെന്ന നിലപാടിലാണവര്‍.

കമ്മീണറേക്കാള്‍ ജൂനിയറായ. കളക്ടറെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ മാറ്റുകയോ കളക്ടറേക്കാള്‍ ജൂനിയറായ എസ്പിയെ കമ്മീഷണറായി നിയമിക്കുകയോ ചെയ്തില്ലെങ്കില്‍ ജില്ലയിലെ ക്രമസമാധാന പാലനം സുഗമമാവില്ലെന്നാണ് പുറത്തുവരുന്ന വിവരം.

പോലീസിനെ കുറ്റപ്പെടുത്തിയ കളക്ടറുടെ നടപടിയില്‍ മന്ത്രിസഭാ യോഗം തന്നെ രൂക്ഷമായി വിമര്‍ശിച്ചത് പോലീസ് സേനയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു.

Top