തെങ്കാശിയില്‍ നിന്ന് പിടിയിലായവരുടെ ചിത്രങ്ങള്‍ ആറുവയസുകാരിയെ കാണിച്ചു; ഇവരെ താന്‍ കണ്ടിട്ടില്ലെന്ന് കുട്ടി

കൊല്ലം: കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് തെങ്കാശിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത മൂന്നുപേരുടെ ചിത്രങ്ങളും ആറു വയസുകാരിയെ കാണിച്ചു. എന്നാല്‍ കസ്റ്റഡിയിലായവരെ തിരിച്ചറിയാന്‍ കുട്ടിയ്ക്ക് സാധിച്ചില്ല. പിടിയിലായ സ്ത്രീയുടെ ഫോട്ടോയാണ് പൊലീസ് കുട്ടിയെ കാണിച്ചത്. അന്വേഷണസംഘം പൂയപ്പള്ളി പൊലീസിന് അയച്ചുകൊടുത്ത ചിത്രം പൊലീസാണ് കുട്ടിയെ കാണിച്ചുകൊടുത്തത്. എന്നാല്‍ ഇവരെ താന്‍ കണ്ടിട്ടില്ലെന്നാണ് കുട്ടി പറഞ്ഞത്. അതേസമയം തെങ്കാശിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതികളുമായി പൊലീസ് കേരളത്തിലേക്ക് തിരിച്ചു. എവിടെ വച്ചാകും മൂവരേയും ചോദ്യം ചെയ്യുക എന്നത് പൊലീസ് രഹസ്യമാക്കി വച്ചിരിക്കുകയാണ്.

അന്വേഷണ ഉദ്യോഗസ്ഥര്‍ വീണ്ടും ആറു വയസ്സുകാരിയുടെ വീട്ടിലെത്തിയാണ് കുട്ടിയെ ഫോട്ടോ കാണിച്ചത്. കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസാണ് കുട്ടിയുടെ വീട്ടിലെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥന്‍ കുട്ടിയുമായി സംസാരിക്കുകയാണ്. രാവിലെ പിതാവിന്റെ മൊഴിയെടുക്കാന്‍ എത്തിയ അന്വേഷണസംഘമാണ് വീണ്ടും കുട്ടിയുടെ വീട്ടിലെത്തിയത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പ്രതികള്‍ക്ക് സാമ്പത്തിക ലക്ഷ്യങ്ങള്‍ തന്നെയാണ് ഉണ്ടായിരുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളുമായി പൊലീസ് സംഘം തെങ്കാശിയില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചു. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് പിടിയിലായത്. ഗോപകുമാര്‍ എന്നയാള്‍ക്ക് മാത്രമാണ് കേസുമായി നേരിട്ട് ബന്ധമുള്ളത്. ഗോപകുമാര്‍ ചാത്തന്നൂര്‍ സ്വദേശിയാണ്. ഡിഐജി നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ ചോദ്യം ചെയ്യുക. പ്രതികളുടെ പക്കല്‍ നിന്ന് പിടികൂടിയ വാഹനങ്ങള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനമാണോ എന്നതടക്കം പൊലീസ് പരിശോധിക്കും.

സാമ്പത്തിക തര്‍ക്കം മൂലമാണ് കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് അനുമാനിക്കുന്നത്. ഉച്ചയ്ക്ക് 2.30ന് മൂന്നുപേരെയും തെങ്കാശിയിലെ ഹോട്ടലില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പ്രതികളും ആറുവയസുകാരിയുടെ പിതാവും തമ്മില്‍ സാമ്പത്തിക തര്‍ക്കങ്ങള്‍ ഉണ്ടായോ എന്നത് ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം പ്രതികള്‍ കുട്ടിയ്ക്ക് കാര്‍ട്ടൂണ്‍ കാണിച്ചുനല്‍കിയ ലാപ്ടോപ്പിന്റെ ഐ പി അഡ്രസ് റിക്കവര്‍ ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിരുന്നു. ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞതെന്നാണ് സൂചന. കൂടാതെ കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും നിര്‍ണായകമായി.

Top