സൗരകൊടുങ്കാറ്റുകളും സൂര്യന്റെ സൗരചക്രങ്ങളും ഓൺലൈനിലും ശാസ്ത്രരംഗത്തും വീണ്ടും ചർച്ചയാകുന്നു. 2025ൽ സോളാർ മാക്സിമം എന്ന സൗര കൊടുങ്കാറ്റ് പ്രതിഭാസമുണ്ടാകുമെന്നും ചിലപ്പോൾ ഇന്റർനെറ്റ് അടക്കമുള്ള ഭൂമിയിലെ എല്ലാ ആശയവിനിമയങ്ങളെയും തടസ്സപ്പെടുത്തുമെന്നും നേരത്തെ വാദമുയർന്നു. ഇന്നത്തെ ഡിജിറ്റൽ ലോകം സോളാർ മാക്സിമത്തെ നേരിടാൻ തയ്യാറായിട്ടില്ലെന്നും പറയുന്നു. ‘ഇന്റർനെറ്റ് അപ്പോക്കലിപ്‌സ്’ തുടങ്ങിയ പദങ്ങളാണ് ഈ സംഭവത്തെ വിശദീകരിക്കാനായി സോഷ്യൽമീഡിയ ഉപയോഗിച്ചത്. ശാസ്ത്രീയമായി സ്ഥിരീകരണമില്ലാത്ത വിഷയത്തെ പ്രചരിപ്പിക്കാൻ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയെ പോലും പലരും ഉദ്ധരിച്ചു. 2025ലെ സോളാർ കൊടുങ്കാറ്റ് മൂലം ഇന്റർനെറ്റ് അവസാനിക്കുമെന്നോ ഭൂമിയിലെ ആശയവിനിമയ സംവിധാനങ്ങൾ ഇല്ലാതാകാനുള്ള സാധ്യതയെക്കുറിച്ചോ നാസ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നതാണ് വാസ്തവം.
സോളാർ മാക്സിമവും തുടർന്ന് ഭൂമിയിലുണ്ടാകുന്ന പ്രത്യാഘാതങ്ങളും സാങ്കൽപികം മാത്രമല്ലെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടിനെ തുടർന്നാണ് വിഷയം വീണ്ടും ചർച്ചയായത്. ശക്തമായ സൗര കൊടുങ്കാറ്റ് ഭൂമിയെ ബാധിച്ചേക്കാം. ലോകത്ത് ഇതുവരെ സംഭവിച്ചിട്ടില്ലാത്ത ഒരു അപൂർവ സംഭവമായിരിക്കുമതെന്നും റിപ്പോർട്ടിൽ പറയുന്നു. ടെലിഗ്രാഫ് ലൈനുകൾ പൊട്ടിത്തെറിക്കുകയും ഓപ്പറേറ്റർമാർ വൈദ്യുതാഘാതം ഏൽക്കുകയും ചെയ്‌ത 1859-ലെ കാരിംഗ്ടൺ സംഭവത്തെക്കുറിച്ചും 1989-ലെ സോളാർ കൊടുങ്കാറ്റിനെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശിച്ചു.
”നമ്മൾ ഒരിക്കലും അസാധാരണ സംഭവങ്ങൾ അഭിമുഖീകരിച്ചിട്ടില്ല. നമ്മുടെ സാങ്കതിക സംവിധാനങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ല. ഇത്തരം കാര്യങ്ങളൊന്നും ഞങ്ങളുടെ പരിശോധനയിൽ ഉൾപ്പെട്ടിട്ടില്ല”- കാലിഫോർണിയ ഇർവിൻ യൂണിവേഴ്സിറ്റിയിലെ കമ്പ്യൂട്ടർ പ്രൊഫസർ സംഗീത അബ്ദു ജ്യോതി വാഷിങ്ടൺപോസ്റ്റിനോട് പറഞ്ഞു. സംഗീതയുടെ ‘സോളാർ സൂപ്പർസ്റ്റോംസ്: പ്ലാനിംഗ് ഫോർ ആൻ ഇൻറർനെറ്റ് അപ്പോക്കലിപ്‌സ്’ എന്ന പ്രബന്ധം നേരത്തെ വലിയ രീതിയിൽ ചർച്ചയായിരുന്നു. കടലിനടിയിലെ കമ്മ്യൂണിക്കേഷൻ കേബിളുകൾ പോലുള്ള വലിയ തോതിലുള്ള സംവിധാനങ്ങളെ സൗരോർജ്ജ കൊടുങ്കാറ്റ് ബാധിക്കാൻ സാധ്യതയുണ്ടെന്നും സംഗീത പറഞ്ഞു. അത്തരം തകരാറുകൾ മാസങ്ങളോളം നീണ്ടുനിന്നേക്കാമെന്നും യുഎസിൽ മാത്രം ഒരു ദിവസത്തെ കണക്റ്റിവിറ്റി നഷ്ടപ്പെട്ടാൽ സാമ്പത്തിക ആഘാതം 11 ബില്യൺ ഡോളറിലധികം വരുമെന്നും അവർ വ്യക്തമാക്കി.
ജൂലൈ 4 ന്, യുഎസ് സ്വാതന്ത്ര്യദിനം ആഘോഷ വേളയിൽ സൂര്യനെ ചുറ്റുന്ന നാസയുടെ സോളാർ ആൻഡ് ഹീലിയോസ്ഫെറിക് ഒബ്സർവേറ്ററി (SOHO) പകർത്തിയ സോളാർ കൊടുങ്കാറ്റ് (കൊറോണൽ മാസ് എജക്ഷൻസ് -CMEs) വീഡിയോ ബഹിരാകാശ കാലാവസ്ഥാ ഭൗതികശാസ്ത്രജ്ഞനായ തമിത സ്കോവ് പങ്കിട്ടിരുന്നു.