ഇന്ത്യന്‍ മഹാസമുദ്രത്തിലെ 30 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള ഗുരുത്വാകര്‍ഷണ ഗര്‍ത്തത്തിന് പിന്നിലെ രഹസ്യം കണ്ടെത്തി ശാസ്ത്ര സംഘം. ബെംഗളൂരു ഐ ഐ എസ് സി, ജര്‍മനിയിലെ ജിഎഫ്ഇസെഡ് റിസര്‍ച്ച് സെന്റര്‍ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരാണ് ഗര്‍ത്തത്തിന് പിന്നിലെ കാരണം കണ്ടെത്തിയത്. ശ്രീലങ്കക്ക് തെക്കുഭാഗത്താണ് ജിയോയിഡ് അനോമലി എന്ന പേരിലറിയപ്പെടുന്ന ഗര്‍ത്തമുള്ളത്. ഗര്‍ത്ത ഭാഗത്ത് സമുദ്രനിരപ്പ് അന്താരാഷ്ട്ര ശരാശരിയേക്കാള്‍ 106 മീറ്റര്‍ കുറവാണ്. ഭൂമയില്‍ അനുഭവപ്പെടുന്ന ഗുരുത്വാകര്‍ഷണ ബലവും ഇവിടെ കുറവാണ്.
ഗുരുത്വാകര്‍ഷണം കുറഞ്ഞ സമുദ്രാന്തര്‍ ഭാഗങ്ങളില്‍ ഉപരിതലം ഗര്‍ത്തം പോലെ ചുരുങ്ങുന്നതാണ് പ്രതിഭാസത്തിന് പിന്നിലുള്ള കാരണമെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. സമുദ്രാന്തര്‍ ഭാഗത്ത് എന്തുകൊണ്ടാണ് ഇത്രയും വലിയ ഗുരുത്വാകര്‍ഷണ ഗര്‍ത്തമുണ്ടായെന്നത് ശാസ്ത്രജ്ഞരെ കുഴക്കിയ ചോദ്യമായിരുന്നു. ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്സില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പ്രകാരം പുരാതര സമുദ്രമായ ടെത്തിസിന്റെ അവശിഷ്ടത്തില്‍ നിന്നാണ് ഈ ഭീമന്‍ ഗുരുത്വാകര്‍ഷണ ഗര്‍ത്തമുണ്ടായതെന്ന് പറയുന്നു.
രണ്ട് ഇന്ത്യന്‍ ഗവേഷകരായ ദേബാഞ്ജന്‍ പാലും ആത്രേയി ഘോഷുമാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ഭൂവര്‍ക്കത്തിനും ഉള്‍ക്കാമ്പിനും ഇടയിലുള്ള ഭൂമിയുടെ പാളിയിലെ ഭാരം കുറഞ്ഞ വസ്തുക്കളുടെ സാന്നിധ്യമാണ് ഈ പ്രദേശത്തെ ഗുരുത്വാകര്‍ഷണം കുറയുന്നതിന് കാരണമാകുന്നതെന്നും ഗവേഷകര്‍ കണ്ടെത്തി. ഗോണ്ട്വാന, ലോറേഷ്യ എന്നീ മഹാഭൂഖണ്ഡങ്ങളെ വേര്‍തിരിക്കുന്ന ഒരു ചരിത്രാതീത സമുദ്രമായിരുന്നു ടെതിസ്.