മനുഷ്യന് താങ്ങാവുന്നതില്‍ വച്ച് ഏറ്റവും വലിയ വേദനയുമായി വലയുകയാണ് ഒരു പത്ത് വയസുകാരി. ഓസ്ട്രേലിയയില്‍ ഉള്ള ബെല്ല മേസി എന്ന പെണ്‍കുട്ടിക്കാണ് കോംപ്ലക്സ് റീജ്യണല്‍ പെയിന്‍ സിന്‍ഡ്രോം എന്ന അസുഖമുള്ളത്. വലത് കാല്‍ അനക്കുമ്പോഴോ കാലില്‍ ആരെങ്കിലും വെറുതെയൊന്ന് തൊട്ടാലോ സഹിക്കാനാകുന്നതിലുമപ്പുറം വേദനയാണ് ഉണ്ടാകുന്നത് എന്നാണ് ബെല്ല മേസി പറയുന്നത്.
ഓസ്ട്രേലിയന്‍ സ്വദേശിയായ ബെല്ല കുടുംബവുമൊത്തെ ഫിജിയില്‍ അവധിക്കാലമാഘോഷിക്കാന്‍ പോയതിന് ശേഷമാണ് ഈ രോഗം കണ്ടെത്തുന്നത്. വലത് കാലില്‍ ഒരു പുണ്ണ് പോലെയുണ്ടാവുകയും പിന്നാലെ അസഹനീയമായ വേദന അനുഭവപ്പെടുകയുമായിരുന്നു. ബെല്ലയെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചപ്പോഴാണ് കുട്ടിക്ക് സിആര്‍പിഎസ് അഥവാ കോംപ്ലക്സ് റീജ്യണല്‍ പെയിന്‍ സിന്‍ഡ്രം ആണെന്ന് സ്ഥിരീകരിക്കുന്നത്. വേദന കാരണം ബെല്ലയ്ക്ക് നടക്കാനോ കാല്‍ അനക്കാനോ സാധിക്കുന്നില്ല. നിലവില്‍ കിടപ്പിലാണ് ബെല്ല. വീല്‍ ചെയറിന്റെ സഹായത്തോടെ മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ. അപൂര്‍വമായി കാണപ്പെടന്നതും ചികിത്സയില്ലാത്തതുമായ രോഗാവസ്ഥയാണ് സിആര്‍പിഎസ്. ബെല്ലയ്ക്ക് കുളിക്കാനോ കളിക്കാനോ സാധിക്കില്ല. കാലില്‍ ഒരു ഷീറ്റ് പോലും ഇടാന്‍ സാധിക്കില്ല. ഒരു ടിഷ്യു പേപ്പര്‍ തൊട്ടാല്‍ പോലും അസഹനീയ വേദനയാണ്.