മുഖ്യമന്ത്രിയോട് 100 കോടി ആവശ്യപ്പെട്ട് ഭീഷണി സന്ദേശം; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനോട് 100 കോടി ആവശ്യപ്പെട്ട് ഭീഷണി സന്ദേശം അയച്ച സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട അമ്പലത്തിന്‍കാല സ്വദേശി അജയകുമാര്‍ ആണ് പിടിയിലായത്.

100 കോടി രൂപ അക്കൗണ്ടില്‍ ഇടണമെന്നും അല്ലെങ്കില്‍ മുഖ്യമന്ത്രിയും മരുമകനും പണി വാങ്ങുമെന്നുമായിരുന്നു ഇയാളുടെ സന്ദേശം. രണ്ടാഴ്ച മുമ്പാണ് ഭീഷണി സന്ദേശം വന്നത്. സന്ദേശം അയയ്ക്കാന്‍ ഉപയോഗിച്ച ഫോണും കാട്ടാക്കട പോലീസ് കസ്റ്റഡിയിലെടുത്തു.

നിരവധി കേസുകളില്‍ നേരത്തെ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ് പിടിയിലായ അജയകുമാര്‍. പോലീസ് ഹൈടെക് സെല്ലില്‍ നിന്നും കാട്ടാക്കട പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയ പരാതിയിലായിരുന്നു നടപടി.

 

Top