പുലിയുടെ ആക്രമണത്തില്‍ മൂന്ന് വയസ്സുകാരി മരിച്ച സംഭവം; ഗൂഡല്ലൂരില്‍ പ്രതിഷേധം ശക്തം

ഗൂഡല്ലൂര്‍: പുലിയുടെ ആക്രമണത്തില്‍ മൂന്ന് വയസ്സുകാരി മരിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. സംഭവത്തില്‍ പ്രതിഷേധിച്ച് ഗൂഡല്ലൂര്‍ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് വ്യാപാരി വ്യവസായികള്‍. ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലെ കടകള്‍ അടച്ചിട്ട് വ്യാപകാരികള്‍ പ്രതിഷേധിച്ചു. പുലിയെ വെടിവച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടന്നത്. ജനങ്ങളോട് തെരുവിലിറങ്ങി പ്രതിഷേധിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയും പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചിരുന്നു. തുടര്‍ന്ന് സ്ത്രീകളെ ഉള്‍പ്പടെ പൊലീസ് മര്‍ദിച്ചു 100 ലേറെ പേര്‍ക്കെതിരെ രാത്രി പൊലീസ് ലാത്തി വീശി. പുലിയുടെ ആക്രമണത്തില്‍ മരിച്ച മൂന്ന് വയസ്സുകാരിയുടെ അമ്മയെയും പൊലീസ് മര്‍ദിച്ചതായി ആരോപണം. പുലിയെ മയക്കുവെടി വച്ചതായി വനംവകുപ്പ് പറയുന്നുണ്ട്. എന്നാല്‍ അത് തങ്ങള്‍ വിശ്വസിക്കാന്‍ തയ്യാറല്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. രാത്രിയാണ് പുലിയെ മയക്കുവെടി വച്ചത് എന്ന് പറയുന്നു. എന്നാല്‍ രാത്രി മയക്കുവെടി വയ്ക്കുന്നത് എത്രത്തോളം സാധ്യമാകും എന്നതില്‍ തങ്ങള്‍ക്ക് സംശയമുണ്ടെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. പുലിയെ വെടിവച്ച് കൊല്ലണമെന്നും അവര്‍ ആവശ്യപ്പെട്ടു. പുലിയെ വെടിവെച്ചു കൊല്ലാതെ പെണ്‍കുട്ടിയുടെ മൃതദേഹം എറ്റുവാങ്ങില്ലെന്ന് കുടുംബം പറഞ്ഞു.

പ്രതിഷേധക്കാര്‍ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളുടെ അതിര്‍ത്തികളില്‍ റോഡ് ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളുമാണ് വാഹനങ്ങള്‍ തടഞ്ഞത്. തുടര്‍ന്ന് നാടുകാണി, വയനാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് വരുന്ന നിരവധി വാഹനങ്ങള്‍ കുടുങ്ങി കിടക്കുകയാണ്.

കഴിഞ്ഞ ദിവസമായിരുന്നു മൂന്ന് വയസ്സുകാരി പുലിയുടെ ആക്രമണത്തില്‍ മരിച്ചത്. പന്തല്ലൂര്‍ ബിതേര്‍ക്കാട് മാംഗോ എസ്റ്റേറ്റിലെ തൊഴിലാളികളുടെ മകളായ നാന്‍സിയാണ് മരിച്ചത്. രക്ഷിതാവിനൊപ്പം വരികയായിരുന്ന കുട്ടിയെ പുലി ചാടിവീണ് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പന്തല്ലൂരില്‍ മൂന്നാഴ്ചയ്ക്കിടെ അഞ്ചിടത്താണ് പുലിയുടെ ആക്രമണമുണ്ടായത്.

Top