യു.പി.യില്‍ കൊടുംക്രിമിനല്‍ പോലീസ് ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടു

ലഖ്നൗ: കൊലപാതകങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടാനേതാവ് ഉത്തര്‍പ്രദേശില്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഒട്ടേറെ കേസുകളില്‍ പ്രതിയായ കൊടുംക്രിമിനല്‍ ഗുര്‍ഫാനെയാണ് ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേകദൗത്യ സംഘം ഏറ്റുമുട്ടലില്‍ വധിച്ചത്. ചൊവ്വാഴ്ച രാവിലെ കൗശാംബിയിലായിരുന്നു സംഭവം.മന്‍ജഹാന്‍പുരിലെ ഷുഗര്‍മില്ലിന് സമീപമാണ് സംഭവമുണ്ടായതെന്നും ഏറ്റുമുട്ടലില്‍ ഗുര്‍ഫാന്‍ കൊല്ലപ്പെട്ടതായും കൗശാംബി എസ്.പി. ബ്രിജേഷ് ശ്രീവാസ്തവ മാധ്യമങ്ങളോട് പറഞ്ഞു.

ഏറെനാളായി ഇയാളെ പിടികൂടാനുള്ള ശ്രമത്തിലായിരുന്നു പോലീസ്. പ്രതി ഗുര്‍ഫാന്‍ കൗശാംബിയിലുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് സംഘം ഇയാളെ പിടികൂടാനായി സ്ഥലത്തെത്തിയത്. എന്നാല്‍ ഗുര്‍ഫാന്‍ പോലീസ് സംഘത്തിന് നേരേ വെടിയുതിര്‍ത്തു. ഇതോടെ പോലീസ് സംഘം തിരിച്ചടിക്കുകയായിരുന്നും. വെടിയേറ്റ ഗുര്‍ഫാനെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചെന്നും പ്രത്യേകദൗത്യ സംഘത്തിലെ ഉദ്യോഗസ്ഥന്‍ ധര്‍മേഷ് കുമാര്‍ സാഹിയും പ്രതികരിച്ചു.സംഭവസ്ഥലത്തുനിന്ന് ഇയാളുടെ ബൈക്കും തോക്കും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

കൊലപാതകം, കവര്‍ച്ച ഉള്‍പ്പെടെ 13 കേസുകളാണ് നിലവില്‍ ഗുര്‍ഫാനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ കുപ്രസിദ്ധ ഗുണ്ടാത്തലവന്മാരുമായി ബന്ധമുള്ള ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് 1.25 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

Top