ന്യൂഡല്‍ഹി: രാജ്യത്ത് നോട്ട് നിരോധിച്ചതിന് ശേഷം ഡല്‍ഹിയിലെ ബാങ്കില്‍ നിക്ഷേപിക്കപ്പെട്ട 15.39 കോടിയോളം രൂപ ബിനാമി സ്വത്തായി പ്രഖ്യാപിച്ചു.
പണം അയച്ചയാളെയും സ്വീകരിച്ചയാളെയും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നായിരുന്നു ഡല്‍ഹിയിലെ പ്രത്യേക കോടതി നടപടി സ്വീകരിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പാസ്സാക്കിയ കള്ളപ്പണം തടയല്‍ നിയമപ്രകാരം സ്വീകരിക്കുന്ന ആദ്യ നടപടികളിലൊന്നാണിത്.
നോട്ട് നിരോധനത്തിന് ശേഷമുള്ള സംശയകരമായ ഇടപാടുകള്‍ ഇപ്പോഴും ആദായ നികുതി വകുപ്പ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ കെ.ജി മാര്‍ഗ്ഗ് ശാഖയില്‍ നടത്തിയ പരിശോധനയിലാണ് പഴയ 500, 1000 രൂപാ നോട്ടുകള്‍ ഉപയോഗിച്ച് നടത്തിയ ഇടപാടുകള്‍ ശ്രദ്ധയില്‍ പെട്ടത്.
മൂന്ന് കമ്പനികളുടെ പേരിലായിരുന്നു നിക്ഷേപം. ഇവ വ്യാജമാണെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തു.
പണം നിക്ഷേപിച്ച ശേഷം ബാങ്കില്‍ നിന്ന് ഉടന്‍ തന്നെ ചില വ്യക്തികളുടെ പേരില്‍ ഡിമാന്റ് ഡ്രാഫ്റ്റുകള്‍ വാങ്ങിയിരുന്നു.
അജ്ഞാതരായ വ്യക്തികളുടെ പേരില്‍ എടുത്ത ഡി.ഡികള്‍ ഉപയോഗിച്ച് പണം മറ്റെവിടേക്കോ മാറ്റാനുള്ള നടപടിയുടെ ഭാഗമായാണെന്ന സംശയത്തെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പ് അധികൃതര്‍ ഇവ മരവിപ്പിച്ചത്.
തുടര്‍ന്ന് നിയമപ്രകാരം ഈ പണം ബിനാമി സ്വത്തായി പ്രഖ്യാപിക്കുകയായിരുന്നു.