കനത്ത മഴ; തൃശ്ശൂര്‍ – ഷോര്‍ണൂര്‍ റൂട്ടില്‍ റെയില്‍വേ ട്രാക്കിലേക്ക് മരം മുറിഞ്ഞ് വീണ് ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

തൃശ്ശൂര്‍; കനത്ത മഴയില്‍ റെയില്‍വേ ട്രാക്കിലേക്ക് മരം മുറിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. തൃശ്ശൂര്‍ – ഷോര്‍ണൂര്‍ റൂട്ടില്‍ ആണ് ട്രെയിന്‍ ഗതാഗതം സ്തംഭിച്ചത്. സംഭവത്തില്‍ റെയില്‍വേ ഇലക്ട്രിക് ലൈന്‍ പൊട്ടുകയും ചെയ്തിട്ടുണ്ട്. തൃശൂര്‍ ചേലക്കരയിലും വടക്കാഞ്ചേരിയിലും കനത്ത മഴയില്‍ നാശനഷ്ടമുണ്ടായി. പത്തിലധികം ആളുകള്‍ക്ക് മരം മറിഞ്ഞു വീണ് വിവിധ ഇടങ്ങളില്‍ പരുക്കേറ്റതായി വിവരമുണ്ട്. സ്ത്രീകളും കുട്ടികളും പ്രായമായവരും അടക്കം 11 ആളുകളെ ആശുപത്രിയിലേക്ക് മാറ്റി.

കനത്ത മഴയില്‍ ചേലക്കര നിയോജകമണ്ഡലത്തില്‍ വിവിധ ഇടങ്ങളില്‍ മരം വീണ് അപകടമുണ്ടായി. മുള്ളൂര്‍ക്കരയിലും പാഞ്ഞാളിലും ദേശമംഗലത്തും മരം കടപുഴകി വീണു. മുള്ളൂര്‍ക്കരയില്‍ രണ്ടു വീടുകള്‍ക്കും കടയ്ക്കും മുകളിലൂടെ മരം വീണ് നിരവധി പേര്‍ക്ക് പരുക്കേറ്റു. വണ്ടിപറമ്പ് പ്രദേശത്താണ് വൈകുന്നേരതോടെ പെയ്ത മഴയിലും കാറ്റിലും വലിയ ആല്‍മരം പതിച്ചത്. റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള പുറമ്പോക്ക് സ്ഥലത്തെ രണ്ടു വീടുകള്‍ക്ക് മുകളിലേക്ക് ആല്‍മരം കടപുഴകി വീഴുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.

പാഞ്ഞാളിലെ പൈങ്കുളം സെന്ററില്‍ മരം വീണ് ഗതാഗതം സ്തംഭിച്ചു. തിരുവഞ്ചിക്കുഴി ഭാഗത്ത് 3 വാഹനങ്ങള്‍ക്ക് മുകളിലൂടെയും മരം വീണു. ആളപായമില്ല. മൂന്ന് ഓട്ടോറിക്ഷകളുടെ മുകളിലാണ് മരം വീണത്. ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചു മാറ്റാനൊരുങ്ങുകയാണ്.

Top