കസ്റ്റഡി മരണത്തിലും ദിലീപിനെ വലിച്ചിഴച്ച് രക്ഷപ്പൊൻ എസ്.പി എ.വി ജോർജിന്റെ ‘കളി’

കൊച്ചി: വരാപ്പുഴ കസ്റ്റഡിമരണത്തില്‍ ആരോപണ വിധേയനായ എസ്.പി എ.വി ജോര്‍ജ് രക്ഷപ്പെടാന്‍ തരം താണ കളിക്ക്!

തിങ്കളാഴ്ച പുറത്തിറങ്ങിയ പ്രമുഖ രാഷ്ട്രീയ മാസികക്ക് ജോര്‍ജ് നല്‍കിയ അഭിമുഖത്തില്‍ ദിലീപിന്റെ നിലപാട്, സംഭവത്തില്‍ സംശയാസ്പദമാണെന്ന ഗുരുതര ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. അന്ന് ചാനലുകള്‍ ഉള്‍പ്പെടെ മാധ്യമങ്ങള്‍ക്കെല്ലാം വാര്‍ത്ത കൊടുത്ത് ‘തിളങ്ങി’ നിന്നതും ഈ ഉദ്യോഗസ്ഥന്‍ തന്നെ.

മാധ്യമങ്ങള്‍ ‘ദിലീപ്‌വേട്ട’ നടത്തുമ്പോള്‍ രസിച്ച ഈ ഉദ്യോഗസ്ഥന് ഇപ്പോള്‍ തിരിച്ച് ‘പണി’ കിട്ടി തുടങ്ങിയപ്പോള്‍ മാധ്യമങ്ങളോട് വലിയ കലിപ്പാണുള്ളത്.

കസ്റ്റഡി മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇതുവരെ ജോര്‍ജിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിനെതിരെ രൂക്ഷമായ പ്രതികരണം വന്ന് തുടങ്ങിയതോടെയാണ് പുതിയ ‘ആയുധ’വുമായി എസ്.പി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

ദിലീപാണ് തനിക്കെതിരായ നീക്കത്തിനു പിന്നിലെന്നാണ് ജോര്‍ജ് സംശയിക്കുന്നത്.

‘ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളും ചില ഓണ്‍ലൈന്‍ പത്രങ്ങളും ഇത് സംബന്ധിച്ച് വലിയ പ്രചരണമാണ് നടത്തുന്നത്. ദിലീപ് കേസിന്റെ വിചാരണ അടുത്ത് വരുന്ന സമയമാണ്. ഒരു പക്ഷേ തന്നെ മാനസികമായി തളര്‍ത്തുക എന്നതും ഇവരുടെ ലക്ഷ്യമാകാം’-ജോര്‍ജ് ആരോപിക്കുന്നു.

സിനിമാരംഗത്ത് ഉള്ളവര്‍ തന്നെ ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ടെന്നും ജോര്‍ജ് അഭിമുഖത്തില്‍ വ്യക്തമാക്കി.

സാമാന്യബോധമുള്ള ആരും തന്നെ പറയാന്‍ മടിക്കുന്ന കാര്യമാണ് ദിലീപ് വിരുദ്ധരെ അനുകൂലമാക്കാന്‍ ഉദ്യേശിച്ച് ഇപ്പോള്‍ ജോര്‍ജ് ആരോപിച്ചിരിക്കുന്നത്.

കസ്റ്റഡിമരണക്കേസില്‍ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ പൊലീസ് അക്കാദമിയിലേക്ക് കഴിഞ്ഞ ദിവസം ജോര്‍ജിനെ സ്ഥലം മാറ്റിയിരുന്നു.

എസ്.പിയുടെ സ്‌ക്വാഡാണ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത് എന്നതിനാല്‍ ജോര്‍ജും കേസില്‍ പ്രതിയാകേണ്ടതാണ്.

ലോക്കല്‍ പൊലീസ് നടത്തേണ്ട അന്വേഷണവും മറ്റ് നടപടി ക്രമങ്ങളും എങ്ങനെ എ.ആര്‍ ക്യാംപിലെ പൊലീസുകാരെ ഉപയോഗപ്പെടുത്തി ചെയ്തു എന്നതിനും യുക്തിപരമായ മറുപടി നല്‍കാന്‍ ഇതുവരെ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല.

ഈ നിയമവിരുദ്ധമായ കസ്റ്റഡിയാണ് യുവാവിന്റെ ജീവന്‍ നഷ്ടമാകാന്‍ കാരണമായി തീര്‍ന്നത്.

സംഭവത്തില്‍ വരാപ്പുഴ എസ്.ഐ, എസ്.പിയുടെ സ്‌ക്വാഡിലെ മൂന്ന് പൊലീസുകാര്‍ എന്നിവര്‍ മാത്രമാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.

അന്വേഷണം ജോര്‍ജിലേക്ക് എത്താതെ അവസാനിപ്പിക്കാന്‍ അണിയറയില്‍ ശ്രമം നടക്കുന്ന സാഹചര്യത്തില്‍ തന്നെയാണ് പുതിയ പ്രതികരണമെന്നതും ശ്രദ്ധയമാണ്.

Top