‘എവിടെ കെ റെയില്‍ സര്‍വേക്കല്ലിട്ടാലും അത് പിഴുതെറിയുമെന്ന അവസ്ഥ, അതൊരു രോഗമാണ്’; വിഡി സതീശനെതിരെ എ വിജയരാഘവന്‍

തിരുവനന്തപുരം: കെ റെയില്‍ പ്രതിഷേധ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വിമര്‍ശിച്ച് എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവന്‍. എവിടെ കെ റെയില്‍ സര്‍വേക്കല്ലിട്ടാലും അത് പിഴുതെറിയുമെന്ന സതീശന്റെ പ്രതികരണത്തെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു വിജയരാഘവന്റെ മറുപടി.

പ്രതിപക്ഷ നേതാവിന് ഒരു രോഗം പോലെയാണിത്. കെ റെയിലിന്റെ കല്ലെടുത്ത് ഇട്ടിട്ട് ഇപ്പോള്‍ ഏത് കല്ലുകണ്ടാലും എടുത്ത് ഇടും. അതൊരു രോഗമാണ്- വിജയരാഘവന്‍ പറഞ്ഞു. സര്‍വേയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയും ഹൈക്കോടതിയും പറഞ്ഞിട്ടുണ്ട്. നാട്ടില്‍ നിലവിലുള്ള നിയമങ്ങള്‍ക്ക് വിധേയമായാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. നിയമവിധേയമായ കാര്യങ്ങള്‍ മാത്രമേ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ചെയ്തിട്ടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികസനത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് അട്ടിമറി പ്രവര്‍ത്തനമാണ് യു.ഡി.എഫ്. നടത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

Top