ഗവര്‍ണര്‍ തെറ്റായ കീഴ്‌വഴക്കം സൃഷ്ടിച്ചെന്ന് എ വിജയരാഘവന്‍

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ തെറ്റായ കീഴ്വഴക്കം സൃഷ്ടിച്ചതായി സി.പി.എം. സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രമേയം പാസാക്കാനും കാര്‍ഷിക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും വിളിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നിഷേധിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭാ യോഗം വിളിച്ചു ചേര്‍ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന നിരാകരിക്കുന്നത് വഴി ഒരു തെറ്റായ കീഴ്വഴക്കമാണ് സൃഷ്ടിക്കപ്പെട്ടത്. ഇത് ഗവര്‍ണര്‍ വഹിക്കുന്ന ഭരണഘടനാപരമായ പദവിയുടെ ഉയര്‍ന്ന നിലവാരത്തെ പരിഗണിക്കാത്ത ഒന്നാണ്. ഗവര്‍ണര്‍ ഇത്തരം കാര്യങ്ങളില്‍ ഭരണഘടനാനുസൃതമായാണ് പെരുമാറേണ്ടത്.

സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം സര്‍ക്കാരാണ് നിയമസഭയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നത്. എപ്പോഴാണ് നിയമസഭ ചേരുന്നതെന്ന് സാധാരണ ഗതിയില്‍ സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന തീരുമാനമാണ്. ഭരണഘടനാ സ്ഥാപനം എന്ന നിലയില്‍ ഗവര്‍ണര്‍ ഭരണഘടനാനുസൃതമായാണ് പെരുമാറേണ്ടത്. സുപ്രീം കോടതി ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിട്ടുള്ള വസ്തുതയാണിതെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

Top