ആലപ്പുഴ: കെ റെയില്‍ വിരുദ്ധ സമരക്കാരുടേത് ജനവിരുദ്ധ നിലപാടാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ലോകം മുഴുവന്‍ അംഗീകരിച്ച കേരള വികസനത്തെ തകര്‍ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. വികസനത്തിന്റെ മുഖ്യശത്രു കേരളത്തിലെ പ്രതിപക്ഷമാണ്. സമരം എന്നാല്‍ രാവിലെ എണീക്കുമ്പോള്‍ തോന്നിയപോലെ ചെയ്യേണ്ടതല്ലെന്നും കോണ്‍ഗ്രസിന്റെ കെ-റെയില്‍ സമരത്തെ ചൂണ്ടിക്കാട്ടി വിജയരാഘവന്‍ പറഞ്ഞു.സമരത്തിന് സാമൂഹിക ഉത്തരവാദിത്വവും പ്രതിബദ്ധതയും വേണം. കെ റെയിലിനെതിരെ നടക്കുന്നത് നാടിനെ പുറകോട്ടുവലിക്കുന്ന സമരമാണെന്നും വിജയരാഘവന്‍ പറഞ്ഞു. ലോകം അവസാനിക്കുന്നതുവരെ കമ്മ്യൂണിസ്റ്റുകാരെ സമരം ചെയ്തു തോല്‍പ്പിക്കാന്‍ കഴിയുന്ന ഒരു കോണ്‍ഗ്രസ്സുകാരും കേരളത്തില്‍ ജീവിച്ചിരിപ്പില്ലന്നും ചങ്ങനാശേരിയിലെ എല്‍ഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ വിജയരാഘവന്‍ വ്യക്തമാക്കി.
കേരളത്തിന്റെ താല്‍പര്യത്തിന് എതിരായ നിലപാടാണ് കോണ്‍ഗ്രസിന്റേത്. പ്രതിപക്ഷം കേരള വികസനത്തെ തകര്‍ക്കുകയാണ്. ഇവര്‍ ആരുടെ താല്പര്യത്തെ ആണ് സംരക്ഷിക്കുന്നത്. നാടിന്റെ മുന്നേറ്റത്തിന് ഇടതുപക്ഷം നടത്തുന്ന പ്രവര്‍ത്തനങ്ങളെ തകര്‍ക്കാന്‍ ബോധപൂര്‍വം ശ്രമിക്കുകയാണ്. ഒരാളെയും വീട്ടില്‍ നിന്ന് വെറുതെ ഇറക്കിവിടുന്ന നിലപാട് ഇടതുസര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു.ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്നത് ദുരിതകാലം മുറിച്ചുകടക്കാനുള്ള രാഷ്ട്രീയ നയങ്ങളാണ്. മനുഷ്യര്‍ ശാസ്ത്ര സാങ്കേതിക വളര്‍ച്ചയുടെ പുതിയഘട്ടത്തിലേക്ക് മുന്നേറുകയാണ്. ഈ കാലത്തെ അഭിമുഖീകരിക്കാന്‍ കേരളത്തെ പ്രാപ്തമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസിന്റെ അപകടകരമായ രാഷ്ട്രീയം കൊണ്ട് ഇടതുപക്ഷം കേരളത്തിലുണ്ടാക്കിയ മുന്നേറ്റത്തെ തടയാനുള്ള ശ്രമം ജനപിന്തുണയോടെ നേരിടുമെന്നും വിജയരാഘവന്‍ അറിയിച്ചു.