വിജയരാഘവന്റെ ചരിത്രം പഠിച്ചാൽ, ലീഗുകാരനും സല്യൂട്ട് ചെയ്തു പോകും !

ഖിലേന്ത്യാ അദ്ധ്യക്ഷനെ സംസ്ഥാന അദ്ധ്യക്ഷന്‍ തീരുമാനിക്കുന്ന ഒറ്റ രാഷ്ട്രീയ പാര്‍ട്ടിയേ ഈ രാജ്യത്തൊള്ളൂ. അത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗാണ്. ഈ പാര്‍ട്ടിയുടെ എല്ലാ നിര്‍ണ്ണായക തീരുവാനവും കൈ കൊള്ളുന്നത് മലപ്പുറത്തെ പാണക്കാട് തറവാട്ടില്‍ നിന്നാണ്. അതെടുക്കുന്നതാകട്ടെ സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമാണ്. തങ്ങള്‍ എന്ത് തീരുമാനമെടുത്താലും അത് അനുസരിച്ച് കൊള്ളണം എന്നതാണ് ലീഗിലെ കീഴ് വഴക്കം. കാലങ്ങളായി പിന്തുടര്‍ന്നു വരുന്ന ഒരു രീതിയാണിത്. ഇങ്ങനെയുള്ള മതാധിഷ്ഠിത പാര്‍ട്ടിയായ മുസ്ലീം ലീഗിനെ വിമര്‍ശിക്കാന്‍ പാടില്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍ അതൊരിക്കലും അംഗീകരിച്ച് കൊടുക്കാന്‍ കഴിയുകയില്ല.

രാഷ്ട്രീയത്തിലിറങ്ങുന്നവര്‍, അത് ആര് തന്നെയായാലും വിമര്‍ശനങ്ങള്‍ നേരിടാനും തയ്യാറാകണം. അവിടെ പ്രത്യേക പരിഗണന ലഭിക്കണമെന്ന് ആഗ്രഹിക്കുന്നത് തന്നെ തെറ്റാണ്. കേരളത്തിലെ മുസ്ലീം സമുദായത്തെ ആകെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയല്ല മുസ്ലീം ലീഗ്. അങ്ങനെ ഒരു ധാരണ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അത് മാറ്റി വയ്ക്കുന്നതാണ് നല്ലത്. ലീഗിനും അപ്പുറം വലിയ ഒരു വിഭാഗം ആ സമുദായത്തില്‍ തന്നെ നിലവിലുണ്ട്. അതില്‍ രാഷ്ട്രീയക്കാരും അല്ലാത്തവരും എല്ലാം ഉള്‍പ്പെടും. ലീഗിന്റെ അവസരവാദ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ആ പാര്‍ട്ടിയുടെ ശക്തമായ വോട്ട് ബാങ്കായ സമസ്തയിലും ഇപ്പോള്‍ പ്രകടമാണ്. ഇത്തവണ യു.ഡി.എഫിന് അധികാരം ലഭിച്ചില്ലെങ്കില്‍ തകരാന്‍ പോകുന്നത് യു.ഡി.എഫ് മാത്രമല്ല, ലീഗ് കൂടിയാണ്. ഈ ആശങ്ക ശരിക്കും ഇപ്പോള്‍ ലീഗ് നേതൃത്വത്തിനുമുണ്ട്. അതുകൊണ്ട് തന്നെ സി.പി.എമ്മിനും അതിന്റെ നേതാക്കള്‍ക്കും എതിരെ ലഭിക്കുന്ന സകല ആയുധങ്ങളും പ്രയോഗിക്കാന്‍ മുന്നില്‍ നില്‍ക്കുന്നതും ലീഗ് നേതാക്കള്‍ തന്നെയാണ്.

 

സെക്യുലര്‍ പാര്‍ട്ടിയായി അറിയപ്പെടുന്ന കോണ്‍ഗ്രസ്സിന്റെ അവസ്ഥയും നിലവില്‍ പരിതാപകരമാണ്. ഭരണം ലഭിക്കാന്‍ എന്തു മാര്‍ഗ്ഗവും സ്വീകരിക്കാം എന്ന അവസ്ഥയിലേക്കാണ് ആ പാര്‍ട്ടി ഇപ്പോള്‍ മാറിയിരിക്കുന്നത്. കേരളത്തിന് പുറത്ത് ഹിന്ദുത്വവാദത്തിലേക്ക് നീങ്ങുന്നവര്‍ കേരളത്തില്‍, മത മൗലിക വാദികളെ കൂട്ട് പിടിച്ച് ഭരണം പിടിക്കാനാണ് ശ്രമിക്കുന്നത്. സകല ജാതി – മത ശക്തികളുടെയും തിണ്ണ നിരങ്ങുന്നതും അതുകൊണ്ട് തന്നെയാണ്. മഞ്ചേശ്വരത്ത് ഐശ്വര്യ കേരള യാത്രക്കെത്തിയ കോണ്‍ഗ്രസ്സ് നേതാക്കള്‍ ആരാധനാലയങ്ങളില്‍ മത്സരിച്ച് സന്ദര്‍ശനം നടത്തിയത് ഇതിനകം തന്നെ ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. യു.ഡി.എഫിനെ പിന്തുണയ്ക്കുന്ന രാഷ്ട്രിയ നിരീക്ഷകര്‍ പോലും പരസ്യമായാണ് ഈ പ്രഹസനത്തിനെതിരെ രംഗത്തു വന്നിരിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്താവന വളച്ചൊടിച്ച് വിവാദമാകുന്നവര്‍ ഈ ‘യാഥാര്‍ത്ഥ്യവും’ കാണാതെ പോകരുത്.

‘മതമൗലികവാദികളുമായി ബന്ധം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ്, കോണ്‍ഗ്രസ്സ് നേതാക്കള്‍ പാണക്കാട്ട് സന്ദര്‍ശനം നടത്തിയത് എന്ന് വിജയരാഘവന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ് ? ഇതൊരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റാണ്, അതിനെ ആ അര്‍ത്ഥത്തില്‍ മാത്രമാണ് വിലയിരുത്തേണ്ടത്. മുസ്ലീം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെയും അതിന്റെ യുവജന സംഘടനയുടെയും അദ്ധ്യക്ഷന്‍മാരുടെ വാസ സ്ഥലം കൂടിയാണ് പാണക്കാട് തറവാട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ വിഭാഗമായ വെല്‍ഫയര്‍ പാര്‍ട്ടിയുമായി സഖ്യത്തിന് മുന്‍കൈ എടുത്തത് തന്നെ മുസ്ലീം ലീഗാണ്. സമസ്തയുടെ ശക്തമായ എതിര്‍പ്പ് മറികടന്നായിരുന്നു ഈ സഖ്യമെന്നതും ആരും മറന്നു പോകരുത്.

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ക്രൈസ്തവ സംഘടനകളെ അനുനയിപ്പിക്കാന്‍ മുസ്ലീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെ ചുമതലപ്പെടുത്തിയതും കോണ്‍ഗ്രസ്സ് നേതൃത്വമാണ്. എന്നാല്‍, ആ നീക്കം പാളുകയാണുണ്ടായത്‌. ഇതിനു ശേഷമാണ് പാണക്കാട് തറവാട്ടില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും എത്തിയിരുന്നത്. വിവിധ സാമുദായ സംഘടനാ നേതാക്കളെ സന്ദര്‍ശിച്ചതിനു ശേഷമായിരുന്നു ഈ വരവ്. ഇതേകുറിച്ചുള്ള വിജയ രാഘവന്റെ പ്രതികരണത്തിന് തൊട്ടു പിന്നാലെ കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നേതാക്കളും പാണക്കാട്ടെ ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലെത്തി മുസ്ലീം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയുമുണ്ടായി.

മുല്ലപ്പള്ളി മടങ്ങിയ ശേഷമാണ് മെത്രാപ്പോലീത്തമാരായ ഡോ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് ഡോ. യാക്കോബ് മാര്‍ ഐറെനിയോസ് എന്നിവര്‍ എത്തിയിരുന്നത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് പുറമെ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി എ മജീദ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരും ഈ സമയം പാണക്കാട് തറവാട്ടിലുണ്ടായിരുന്നു. ഈ സന്ദര്‍ശനത്തിനു പിന്നിലെ ‘ഇടപെടല്‍’ ഇനി രാഷ്ട്രീയ കേരളമാണ് വിലയിരുത്തേണ്ടത്.

വിവിധ സമുദായങ്ങളുടെ വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് യു.ഡി.എഫ് നേതൃത്വം ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ സന്ദര്‍ശനങ്ങളെല്ലാം അതിന്റെ ഭാഗം തന്നെയാണ്. ഈ പശ്ചാത്തലത്തില്‍ പാണക്കാട്ടെ കോണ്‍ഗ്രസ്സ് നേതാക്കളുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി നടത്തിയ അഭിപ്രായ പ്രകടനം എങ്ങനെയാണ് തെറ്റായി മാറുക? രാഷ്ട്രീയ നിലപാട് പറയാനുള്ള അവകാശം സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന വിജയരാഘവനുണ്ട്. അതിനാണ് അദ്ദേഹത്തെ ആ സ്ഥാനത്ത് ഇരുത്തിയിരിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ നിലപാട് സ്വീകരിക്കുന്നവരല്ല കമ്യൂണിസ്റ്റുകള്‍. അതിനെല്ലാം മീതെ, മനുഷ്യരുടെ കഷ്ടപ്പാടുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന പ്രത്യേയശാസ്ത്രത്തിലാണ് കമ്യൂണിസ്റ്റുകള്‍ വിശ്വസിക്കുന്നത്. അവര്‍ പ്രവര്‍ത്തിക്കുന്നതും അതിനു വേണ്ടിയാണ്. അതുകൊണ്ടാണ് കൊടും തണുപ്പത്തും രാജ്യ തലസ്ഥാനത്ത് ഇപ്പോഴും കര്‍ഷക സമരം തുടരുന്നത്.

കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗം കെ.കെ രാഗേഷ് ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ സമരമുഖത്ത് ആവേശം വിതറുംമ്പോള്‍ കാഴ്ചക്കാരനായി നില്‍ക്കാന്‍ പോലും ഒരു യു.ഡി.എഫ് എം.പിമാരുടെയും പൊടി പോലും കണ്ടിട്ടില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യം കണ്ട ഏറ്റവും ശക്തമായ പ്രക്ഷോഭം നടക്കുമ്പോഴും അത് തകര്‍ക്കാനാണ് മുസ്ലീം ലീഗ് ഉള്‍പ്പെടെ ശ്രമിച്ചിരുന്നത്. 80 ലക്ഷം പേര്‍ അണിനിരന്ന മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തതിന് പാര്‍ട്ടി നേതാവിനെതിരെ നടപടി എടുത്ത പാര്‍ട്ടിയാണ് ലീഗ്. അവരെ അതിന് പേരിപ്പിച്ചതാകട്ടെ ചെങ്കൊടിയോടുള്ള പകയുമാണ്. ഇടതുപക്ഷം സംഘടിപ്പിച്ച മനുഷ്യഗൃംഖലയില്‍ ലീഗ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ചാണ് സമസ്ത നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നത്.

ഇതെല്ലാം മുസ്ലീം സമുദായംഗങ്ങള്‍ക്ക് ശരിക്കും ബോധ്യമുള്ള കാര്യം തന്നെയാണ്. അതുകൊണ്ട്, ലീഗ് കൂടുതല്‍ സമുദായ സ്‌നേഹം വിളമ്പേണ്ടതില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനെ മുസ്ലീം വിരുദ്ധനായും വര്‍ഗ്ഗീയ വാദിയായും ആര് തന്നെ ചിത്രീകരിക്കാന്‍ ശ്രമിച്ചാലും അത് ഈ മണ്ണില്‍ വിലപ്പോവുകയില്ല. വിമര്‍ശിച്ച ലേഖനത്തില്‍ തന്നെ മാധ്യമം ലേഖകന്‍ ചൂണ്ടിക്കാട്ടിയ പോലെ മലപ്പുറം കുന്നുമ്മലെ വീട്ടില്‍ മലപ്പുറത്തെ മാപ്പിളപ്പിള്ളേര്‍ക്കൊപ്പം കളിച്ചും പഠിച്ചും മാപ്പിളമാരുടെ ചൂടും ചൂരും ചിന്തയും വ്യാപാരവുമറിഞ്ഞും അത് അനുഭവിച്ചും മത-ജാതി ചിന്തകളില്ലാതെ കമ്യൂണിസ്റ്റായി വളര്‍ന്നവന്‍ തന്നെയാണ് വിജയരാഘവന്‍. മാപ്പിളമാരുടെ ജീവിതം അദ്ദേഹത്തിന് വെള്ളം പോലെ അറിയാം എന്നതില്‍ പാണക്കാട് തങ്ങള്‍മാര്‍ക്ക് പോലും സംശയമുണ്ടാവുകയില്ല.

മലപ്പുറത്തെ സര്‍ക്കാര്‍ കോളജില്‍നിന്നും ഇസ്‌ലാമിക ചരിത്രത്തില്‍, റാങ്കോടെ ബിരുദം നേടിയ കമ്യൂണിസ്റ്റ് കൂടിയാണ് വിജയരാഘവന്‍. അദ്ദേഹത്തിനെതിരെ കലി തുള്ളുന്നവര്‍ ഇക്കാര്യം കൂടി ഓര്‍ത്തുകൊള്ളണം. നിയമബിരുദധാരി കൂടിയായ വിജയരാഘവന്‍, എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റായും കര്‍ഷക തൊഴിലാളി യൂണിയന്‍ നേതാവായും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവച്ചിട്ടുള്ളത്. ലോക്‌സഭയില്‍ മാത്രമല്ല, രാജ്യസഭയിലും അദ്ദേഹത്തിന്റെ വാക്കുകള്‍ പല തവണ ഇടിമിന്നലായി മാറിയിട്ടുണ്ട്. മുസ്‌ലിം ലീഗ് അംഗങ്ങള്‍ പോലും പാക് പക്ഷപാതിത്തം ഭയന്ന് അറച്ചുനില്‍ക്കേ പാര്‍ലമെന്റില്‍ മലബാറിലെ പാക് പൗന്മാരുടെ വിഷയം ഉന്നയിച്ച് കൈയടി നേടിയ ഏക ജനപ്രതിനിധിയും ഈ കമ്മ്യൂണിസ്റ്റാണ്. ഇങ്ങനെയൊരാളെ വര്‍ഗീയവാദിയെന്നു വിളിക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ വര്‍ഗ്ഗീയ വാദികള്‍, അക്കാര്യത്തില്‍ ഒരു സംശയവുമില്ല.

 

Top