പൊലീസിന് തെറ്റുപറ്റി,അത് തിരുത്തും, മുഖ്യമന്ത്രി അറിയാതെയാണ് നടപടി; എ.വിജയരാഘവന്‍

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാര്‍ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എല്‍.ഡി.എഫ്. കണ്‍വീനര്‍ എ.വിജയരാഘവന്‍. പൊലീസിന് തെറ്റുപറ്റിയെന്നും താന്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയുടെ അറിവോടെ അല്ല നടപടി ഉണ്ടായതെന്നും സര്‍ക്കാര്‍ ഇത് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ന്യായത്തിന്റെ കൂടെയും അടിച്ചമര്‍ത്തപ്പെട്ടവന്റെ കൂടെയുമാണ് എല്‍.എഡി.എഫ്. സര്‍ക്കാര്‍ നില്‍ക്കുക. അത് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് കേസെടുക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ചാര്‍ജ്ഷീറ്റിലേയ്ക്ക് പോയിട്ടില്ല. സര്‍ക്കാരിന് ഇനിയും ഇടപെടാന്‍ സാധിക്കും. പൗരാവകാശ ലംഘനം സര്‍ക്കാര്‍ അനുവദിക്കില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

അതേസമയം അറസ്റ്റ് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് എന്നാണ് പൊലീസ് വിശദീകരിക്കുന്നത്. പട്രോളിംഗ് നടത്തുന്നതിനിടെ ലഘുലേഖാ വിതരണം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നല്ല അറസ്റ്റ്. അറസ്റ്റിലായ യുവാക്കളുടെ പ്രവര്‍ത്തനം നാളുകളായി നിരീക്ഷിച്ച് വരികയാണ്. ലഘുലേഖയോ നോട്ടീസോ കൈവശം വച്ചതിനോ വിതരണം ചെയ്തതിനോ മാത്രമല്ല അറസ്റ്റെന്നും യുഎപിഎ ചുമത്താവുന്ന വിധത്തില്‍ ഇവരുടെ മാവോയിസ്റ്റ് ബന്ധത്തിന് വ്യക്തമായ തെളിവ് കയ്യിലുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. കാട്ടില്‍ തോക്കേന്തി നടക്കുന്ന മാവോയിസ്റ്റുകളല്ല അറസ്റ്റിലായവര്‍. ഇവരുടെ ആശയങ്ങള്‍ നഗരത്തില്‍ നടപ്പാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണെന്നാണ് പൊലീസ് വിശദമാക്കുന്നത്.

Top