പടനായകന്‍ യുദ്ധം നയിക്കേണ്ടത് യുദ്ധഭൂമിയില്‍ നിന്നാണ്, വയനാട്ടിലല്ല; രാഹുലിനെ പരിഹസിച്ച് പി വി അന്‍വര്‍

നിലമ്പൂര്‍: നിയമസഭ തെരഞ്ഞെടുപ്പുകളിലെ ഫലം ഏതാണ്ട് വ്യക്തമായതോടെ കോണ്‍ഗ്രസിനെ പരിഹസിച്ച് പി വി അന്‍വര്‍ എംഎല്‍എ. വയനാട് എംപിയായ രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത രീതിയിലാണ് അന്‍വര്‍ പരിഹസിച്ചിട്ടുള്ളത്. പടനായകന്‍ യുദ്ധം നയിക്കേണ്ടത് യുദ്ധഭൂമിയില്‍ നിന്നാണ്. ഇല്ലെങ്കില്‍ യുദ്ധം തോല്‍ക്കും. അല്ലാണ്ടെ വയനാട്ടില്‍ വന്നിരുന്നല്ല. വയനാട്ടിലല്ല, സംഘപരിവാര്‍ കോട്ട കെട്ടി താമസിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.

‘ഈ മനുസന്‍ തളരില്ല, കോണ്‍ഗ്രസ് തോല്‍ക്കില്ല, തിരിച്ച് വരും’ എന്ന് രാഹുല്‍ ഗാന്ധിയുടെ ഫോട്ടോയുമിട്ട് ബിജിഎമ്മും ചേര്‍ത്ത് കോണ്‍ഗ്രസുകാര്‍ വരുമെന്നും അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തിരിച്ചടി ബിജെപിക്കെതിരെ യോജിക്കാവുന്നവരെ എല്ലാവരെയും ഒപ്പം കൂട്ടാന്‍ കഴിയാത്തത് കൊണ്ടാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. എല്ലാവരും ഒന്നിച്ച് നിന്നാല്‍ ബി ജെ പി യെ പരാജയപ്പെടുത്താവുന്നതേയുള്ളൂ. ഇക്കാര്യം മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി പി എ മുഹമ്മദ് റിയാസും രംഗത്തെത്തിയിരുന്നു. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ബിജെപിക്കെതിരെ നിലകൊള്ളാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല. ബിജെപിയുടെ അണ്ടര്‍ കവര്‍ ഏജന്റുമാരായി കോണ്‍ഗ്രസുകാര്‍ മാറുകയാണെന്നും അതാണ് പരാജയത്തിന് കാരണമെന്നും മന്ത്രി ആരോപിച്ചു.

Top