കൊച്ചി: ഒരാഴ്ച നീളുന്ന ആയുര്‍വ്വേദ ചികിത്സയ്ക്കായി രാഹുല്‍ ഗാന്ധി കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയിലേക്ക്. മാനേജിംഗ് ട്രസ്റ്റി മാധവന് കുട്ടി വാര്യരുടെ മേല്‍നോട്ടത്തിലാകും രാഹുലിന് ചികിത്സ നല്‍കുക. രാഹുല്‍ ഇന്ന് വൈകുന്നേരം കോട്ടയ്ക്കലിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്ത ശേഷമാവും അദ്ദേഹം കോട്ടയ്ക്കലിലെത്തുക. കൊച്ചിയിലെത്തിയ രാഹുല്‍ ഉച്ചയോടെ കോട്ടയത്തേക്ക് തിരിക്കും. നിലവില്‍ കൊച്ചിയില്‍ തുടരുകയാണ് രാഹുല്‍.
അതേസമയം, ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കോട്ടയം നഗരത്തിലേക്ക് പ്രവേശിച്ചു. കോട്ടയം നഗരിയില്‍ തങ്ങളുടെ പ്രിയ നേതാവിനെ ഒരു നോക്കു കാണാന്‍ പതിനായിരക്കണക്കിനാളുകളാണ് കാത്തുനില്‍ക്കുന്നത്. ഇന്നലെ രാവിലെ 7 മണിമുതല്‍ തുടങ്ങിയ വിലാപ യാത്ര ഇന്ന് രാവിലെ പത്തുമണിയോടെയാണ് കോട്ടയം നഗരത്തിലേക്ക് പ്രവേശിച്ചത്. തിരുനക്കര മൈതാനിയില്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ജനസാഗരം കാത്തുനില്‍ക്കുകയാണ്. സിനിമാ താരങ്ങളായ മമ്മുട്ടി,സുരേഷ് ഗോപി എംപി, ദിലീപ്, കുഞ്ചാക്കോ ബോബന്, രമേശ് പിഷാരടി, സിനിമാ നിര്‍മ്മാതാവ് ആന്റോ ജോസഫ് തുടങ്ങിയ പ്രമുഖരും തിരുനക്കര മൈതാനിയില്‍ എത്തിയിട്ടുണ്ട്.