സ്ത്രീയുടെ ശരീരം അവരുടെ സ്വന്തം; കെനിയന്‍ യുവതിക്ക് ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി നല്‍കി ഹൈക്കോടതി

കൊച്ചി : സ്ത്രീയുടെ ശരീരം അവരുടെ സ്വന്തമാണെന്നും മറ്റൊരു കാര്യവും അതില്‍ ബാധകമല്ലെന്നും ഹൈക്കോടതി. അനധികൃത താമസത്തിന് ജയിലിലായ കെനിയന്‍ യുവതി ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി തേടി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സ്ത്രീയുടെ ശരീരത്തില്‍ എന്താണ് വേണ്ടത് എന്ന് തീരുമാനിക്കുന്നത് അവരവര്‍ തന്നെയാണ്, ധാര്‍മികമോ സദാചാരപരമോ ആയ കാര്യങ്ങളടക്കം മറ്റുള്ളവര്‍ക്ക് ഇതില്‍ പങ്കില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. യുവതിയുടെ ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട് തൃശൂര്‍ മെഡിക്കല്‍ കോളജിനു കീഴില്‍ ബോര്‍ഡ് രൂപീകരിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.

2018ല്‍ തന്നെ യുവതിയുടെ വിസാ കാലാവധി അവസാനിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മറ്റുള്ളവരുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് രാജ്യത്ത് താമസിച്ചു വരികയായിരുന്നു. ജനുവരിയിലാണ് കൊച്ചിയിലെ നെട്ടൂര് നിന്ന് അനധികൃത താമസത്തിന്റെ പേരില്‍ 2 കെനിയന്‍ യുവതികള്‍ അറസ്റ്റിലായത്. തുടര്‍ന്ന് വിയ്യൂരെ കറക്ഷണല്‍ ഹോമില്‍ കഴിഞ്ഞുവരുന്നതിനിടെ. ഫെബ്രുവരിയിലാണ് താന്‍ ഗര്‍ഭിണിയാണെന്ന് യുവതി മനസ്സിലാക്കുന്നത്. തുടര്‍ന്ന് ഗര്‍ഭം അലസിപ്പിക്കാനുള്ള അപേക്ഷ ജയില്‍ സൂപ്രണ്ടിനു സമര്‍പ്പിച്ചെങ്കിലും ജയിലില്‍ ആയതിനാല്‍ കോടതിക്ക് മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കൂ എന്ന് ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചു.

തുടര്‍ന്ന് കീഴ്‌ക്കോടതികളെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് കിട്ടാതിരുന്നതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 2022ല്‍ വയറ്റിലെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ ചെയ്തിരുന്നു എന്നും 3 വര്‍ഷത്തേക്ക് ഗര്‍ഭിണിയാകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും യുവതിയുടെ ഹര്‍ജിയില്‍ പറയുന്നു. കേസ് പരിഗണിച്ചപ്പോഴാണ് സ്ത്രീയുടെ ശരീരം അവരുടെ സ്വന്തമാണെന്നും മറ്റാര്‍ക്കും അതില്‍ കാര്യമില്ലെന്നും കോടതി വ്യക്തമാക്കിയത്. യുവതിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഒരു ഡോക്ടറുടെ റിപ്പോര്‍ട്ട് മതിയെങ്കിലും ജയിലിലായ സാഹചര്യത്തിലാണ് താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ നിര്‍ദേശിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

Top