തിരുവനന്തപുരത്ത് മണ്ണിടിഞ്ഞ് വീണ് തൊഴിലാളി കിണറ്റില്‍ കുടുങ്ങി. തിരുവനന്തപുരം മുക്കോലയില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയപ്പോള്‍ ആണ് സംഭവം. തമിഴ്നാട് സ്വദേശിയായ മഹാരാജനാണ് കുടുങ്ങിയത്. രാവിലെ രണ്ടുപേര്‍ ജോലി ചെയ്യുന്നതിനിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. അപ്പോള്‍ കൂട്ടത്തിലുള്ളയാള്‍ക്ക് രക്ഷപ്പെടാനായെങ്കിലും മഹാരാജന്‍ കുടുങ്ങുകയായിരുന്നു. അഞ്ച് തൊഴിലാളികളാണ് കിണര്‍ പണിക്കായെത്തിയിരുന്നത്.
40 അടിയോളം താഴ്ചയിലാണ് ഇദ്ദേഹം കുടുങ്ങിക്കിടക്കുന്നത്. ദേഹത്ത് മണ്ണ് വീണ് കിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ ശ്രമകരമാണ്. 4 ഫയര്‍ഫോഴ്സ് യൂണിറ്റാണ് ഇദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്. വീണ്ടും മണ്ണ് ഇടിയുന്നതിനാല്‍ മണ്ണു മാന്തി ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം സാധ്യമല്ലെന്നാണ് അധികൃതര്‍ പറയുന്നത്. 80 അടിയോളം ആഴമുള്ള കിണറ്റില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.