ഹോങ്കോങ് : ശതകോടീശ്വരനും ചൈനീസ് ടെക് ബാങ്കറുമായ ബാവോ ഫാന്‍, താന്‍ സ്ഥാപിച്ച ചൈന റിനൈസന്‍സ് എന്ന ബാങ്കിങ് സ്ഥാപനത്തില്‍നിന്ന് രാജിവച്ചു. ബാവോ ഫാന്‍ ചെയര്‍മാന്‍, സിഇഒ സ്ഥാനങ്ങള്‍ ഔദ്യോഗികമായി ഒഴിഞ്ഞതായി കമ്പനി തന്നെയാണ് വെള്ളിയാഴ്ച അറിയിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളും കുടുംബത്തോടൊപ്പം ചെലവിടാന്‍ കൂടുതല്‍ സമയം വേണമെന്നാണ് രാജിയുടെ കാരണങ്ങളായി പറയുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ കാണാതായ ബാവോ ഫാന്‍ നിലവില്‍ എവിടെയാണെന്ന് യാതൊരു വിവരവും ലഭ്യമല്ല. ഇതു സംബന്ധിച്ച് കമ്പനിയും വിശദീകരണം നല്‍കിയിട്ടില്ല. രാജിയുമായി ബന്ധപ്പെട്ട് ഓഹരി ഉടമകളോട് കൂടുതലൊന്നും പറയാനില്ലെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. ഓഡിറ്റര്‍മാര്‍ക്ക് ബാവോയുമായി ബന്ധപ്പെടാന്‍ കഴിയാതായതോടെ കമ്പനിയുടെ കഴിഞ്ഞ തവണത്തെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വൈകിയിരുന്നു.
ബാവോയുടെ തിരോധാന വിവരം പുറത്തായതോടെ ഓഹരി വിപണിയില്‍ കമ്പനി തിരിച്ചടി നേരിട്ടിരുന്നു. ചൈന റിനൈസന്‍സിന്റെ ഓഹരികള്‍ 50 ശതമാനം വരെ ഇടിഞ്ഞിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ ബാവോ കോര്‍പ്പറേറ്റ് അഴിമതിയുടെ പേരില്‍ കസ്റ്റഡിയിലാണെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ കമ്പനിയുടെ ഭരണസമിതിയില്‍ അഴിച്ചുപണികളും നടന്നു. കഴിഞ്ഞ 2 വര്‍ഷമായി വന്‍കിട കമ്പനികള്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന അഴിമതി വിരുദ്ധ നടപടിയും ബാവോയുടെ അപ്രത്യക്ഷമാകലും തമ്മില്‍ ബന്ധമുണ്ടെന്നാണ് സൂചന. ചൈനയിലെ ഏറ്റവും പ്രമുഖ ശതകോടിശ്വരന്‍മാരില്‍ ഒരാളാണ് ബാവോ ഫാന്‍.
1990കളിലാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്. മോര്‍ഗന്‍ സ്റ്റാന്‍ലിയുമായി ചേര്‍ന്ന് എം ആന്‍ഡ് എ ബാങ്കര്‍ എന്ന പദവിയിലൂടെയാണ് തുടക്കം. പിന്നീട് ഷാങ്ഹായിലെയും ഷെന്‍സെനിലെയും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെ ഉപദേശകനായി. 2005ലാണ് ചൈന റിനൈസന്‍സ് എന്ന കമ്പനി സ്ഥാപിച്ചത്. 2018ല്‍ ഈ കമ്പനി ഹോങ്കോങ് സറ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യപ്പെട്ടു. ചൈനയിലെ നിരവധി ബിസിനസ്സ് സ്റ്റാര്‍ട്ടപ്പുകള്‍ക്കും കമ്പനികള്‍ക്കും ചൈന റിനൈസന്‍സ് ഫണ്ട് നല്‍കിയിട്ടുണ്ട്.