ഡ്രിൽ ഉപയോഗിച്ച് മസ്തിഷ്കത്തിൽ ശസ്ത്രക്രിയയിലൂടെ ചിപ്പ് ഘടിപ്പിച്ച യുവാവ് ഗുരുതരാവസ്ഥയിൽ

മോസ്കോ : ഡ്രിൽ ഉപയോഗിച്ച് ശസ്ത്രക്രിയ നടത്തി മസ്തിഷ്കത്തിൽ ചിപ്പ് ഘടിപ്പിച്ച വ്യക്തി ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ ചികിത്സ തേടി. റഷ്യയിലെ നോവോ സിബിർസ്ക് സ്വദേശിയായ മിഖായേൽ റഡുഗയാണ് സാഹസിക നീക്കം നടത്തിയത്. സ്വപ്നം കാണുന്ന സമയത്ത് തന്റെ മസ്തിഷ്കത്തിൽ നടക്കുന്ന പ്രവർത്തനങ്ങളെ മനസ്സിലാക്കുന്നതിനു വേണ്ടിയാണ് ഈ നീക്കം നടത്തിയതെന്നും റഡുഗ പറഞ്ഞു

ന്യൂറോസർജൻമാർ എങ്ങനെയാണ് ജോലി ചെയ്യുന്നതെന്ന് യുട്യൂബ് നോക്കി പഠിച്ചാണ് സ്വന്തം മസ്തിഷ്കത്തിൽ പരീക്ഷിച്ചതെന്ന് മിഖായേൽ റഡുഗ പറഞ്ഞു. ‘‘ഞാൻ ഒരു ഡ്രിൽ വാങ്ങി എന്റെ തലയിൽ ഒരു ദ്വാരം ഉണ്ടാക്കി. തുടർന്ന് എന്റെ മസ്തിഷ്കത്തിലേക്ക് ഇലക്ട്രോഡ് നിക്ഷേപിച്ചു. ’’– റഡുഗ ഒരു പ്രാദേശിക മാധ്യമത്തിനു നൽകിയ അഭിമുഖത്തില്‍ പറയുന്നു.

ശസ്ത്രക്രിയയെ തുടർന്ന് ധാരാളം രക്തം നഷ്ടമായി. മരണത്തെ മുഖാമുഖം കണ്ടതായും മിഖായേൽ റഡുഗ പറയുന്നു. ‘‘ 2023 മേയ് 17നാണ് ഞാൻ എന്റെ മസ്തിഷ്കത്തിൽ പരീക്ഷണം നടത്തിയത്. സ്വപ്നം കാണുന്ന സമയത്ത് എന്റെ മസ്തിഷ്കത്തിൽ എന്തു പ്രവർത്തനമാണ് നടക്കുന്നതെന്ന് അറിയാനാണ് ഞാന്‍ ഇത് ചെയ്തത്. ’’– റഡുഗ പറയുന്നു.

പരുക്കിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച റഡുഗയുടെ മസ്തിഷ്ക എക്സ്റേയിൽ ഇലക്ട്രോഡ് കണ്ടെത്തി. സ്വന്തം മസ്തിഷ്കത്തിൽ ശസ്ത്രക്രിയ നടത്തിയതിന്റെ ചിത്രങ്ങളും റഡുഗ പോസ്റ്റ് ചെയ്തു. ഒരുവര്‍ഷം മുൻപാണ് സ്വന്തം മസ്തിഷ്കത്തിൽ പരീക്ഷണം നടത്താനുള്ള തീരുമാനം റഡുഗ എടുക്കുന്നത്. നാലു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ ലിറ്റർ കണക്കിനു രക്തം റഡുഗയ്ക്കു നഷ്ടമായി.

Top