സാവോ പോളോ: ആറ് ഭാര്യമാർക്കൊപ്പം ഒരുമിച്ച് കിടക്കാൻ കൂറ്റൻ കിടക്ക് നിർമിച്ച് യുവാവ്. ബ്രസീലിയൻ പൗരനായ ആർതർ ഒ ഉർസോയാണ് 80000 പൗണ്ട് (81 ലക്ഷം രൂപ) ചെലവിൽ 20 അടി നീളമുള്ള കിടക്ക നിർമിച്ചത്. 12 തൊഴിലാളികൾ 15 മാസമെടുത്താണ് കൂറ്റൻ കിടക്ക നിർമിച്ചത്. സ്ഥലപരിമിതി ഉണ്ടായപ്പോഴാണ് വലിയ ബെഡിനെക്കുറിച്ച് ചിന്തിച്ചതെന്ന് സാവോപോളോയിൽ താമസിക്കുന്ന മോഡലായ ആർതർ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.
പല തവണ സോഫയും ഡബിൾ ബെഡും പങ്കിടേണ്ടി വന്നു. എന്റെ ഭാര്യമാർക്ക് ഇടമൊരുക്കാൻ തറയിൽ പോലും ഉറങ്ങേണ്ടി വന്നു. തനിക്കും ഭാര്യമാർക്കും ജീവിതം ലളിതമാക്കാനാണ് ഇപ്പോൾ വലിയ ബെഡ് നിർമിച്ചത്. തന്റെ ആഗ്രഹം ഇപ്പോൾ സഫലമായിരിക്കുകയാണ്. എന്റെ ജീവിതത്തിന്റെ ഭാഗമായ സ്ത്രീകളും ഇപ്പോൾ ആശ്വാസത്തിലാണെന്ന് ഇയാൾ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ലോകത്തെ ഏറ്റവും വലിയ ബെഡാണ് നിർമിച്ചിരിക്കുന്നത്. ഗിന്നസ് റെക്കോർഡ് ലഭിക്കുമോയെന്നും ആർതർ കുറിച്ചു.
ആർതറും അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ലുവാനയും 2021ലാണ് വിവാഹിതരാകുന്നത്. മറ്റ് സ്ത്രീകളുമായുള്ള വിവാഹം കത്തോലിക്കാ പള്ളിയിൽ വെച്ചാണ് ഔദ്യോഗികമാക്കിയത്. എന്നാൽ, രാജ്യത്ത് ബഹുഭാര്യത്വം നിയമവിരുദ്ധമായതിനാൽ ഇതിനൊന്നും നിയമപരമായ പിന്തുണയില്ല. ആർതറിന് ഒമ്പത് ഭാര്യമാരുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ വർഷം മൂന്ന് പേരെ വിവാഹമോചനം ചെയ്തു.
51 കാരിയായ ഒലിൻഡ മരിയയെ അദ്ദേഹം അടുത്തിടെ വിവാഹം കഴിച്ചു. ലുവാന കസാക്കി (27), എമെല്ലി സൗസ (21), വാൽക്വേറിയ സാന്റോസ് (24), ഒലിൻഡ മരിയ (51), ഡാമിയാന (23), അമാൻഡ ആൽബുകെർക് (28) എന്നിവരെ നേരത്തെ വിവാഹം കഴിച്ചു. എല്ലാ ഭാര്യമാരിലും ഓരോ കുഞ്ഞ് ജനിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ആർതർ പറഞ്ഞു.