ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമലയായ A23aയ്ക്ക് സ്ഥാനചലനം സംഭവിച്ചതായി റിപ്പോര്‍ട്ട്

ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമലയ്ക്ക് സ്ഥാനചലനം സംഭവിച്ചതായി റിപ്പോര്‍ട്ട്. A23a എന്ന് വിളിക്കപ്പെടുന്ന ഈ മഞ്ഞുമലയ്ക്ക് 3884 ചതുരശ്ര കിലോമീറ്റര്‍ വലിപ്പമുണ്ട്. 30 വര്‍ഷത്തോളം സമുദ്രത്തിന്റെ അടിത്തട്ടില്‍ കുടുങ്ങിക്കിടന്ന മഞ്ഞുമല ഇപ്പോള്‍ സ്വതന്ത്രമായി ചലിക്കാന്‍ തുടങ്ങിയതായാണ് വിദഗ്ദര്‍ പറയുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു ബ്രിട്ടീഷ് ദ്വീപിന് സമീപത്തേക്കാണ് ഇപ്പോള്‍ ഇത് നീങ്ങുന്നത്.

കടലിന്റെ അടിത്തട്ടിലെ ചെളിയില്‍ ഇതുവരെയും കുടുങ്ങിക്കിടന്ന മഞ്ഞുമലയ്ക്ക് ഇപ്പോള്‍ സ്ഥാനചലനം സംഭവിച്ചിരിക്കുന്നത് അതിശക്തമായ കാറ്റും പ്രവാഹങ്ങളും കൊണ്ടാണ്. ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വേയില്‍ നിന്നുള്ള റിമോട്ട് സെന്‍സിംഗ് വിദഗ്ധനായ ഡോ. ആന്‍ഡ്രൂ ഫ്‌ലെമിംഗ് പറയുന്നതനുസരിച്ച് 2020 -ല്‍ ആണ് ആദ്യത്തെ ചലനം കണ്ടെത്തിയത്.

ബ്രിട്ടീഷ് ദ്വീപായ സൗത്ത് ജോര്‍ജിയയ്ക്ക് സമീപം A23a കുടുങ്ങുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. ഇങ്ങനെ സംഭവിച്ചാല്‍ ദ്വീപില്‍ വസിക്കുന്ന ദശലക്ഷക്കണക്കിന് സീലുകള്‍ക്കും പെന്‍ഗ്വിനുകള്‍ക്കും മറ്റ് കടല്‍പ്പക്ഷികള്‍ക്കും ഇത് ഒരു പ്രശ്‌നമായേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കാരണം മഞ്ഞുമല മൃഗങ്ങളുടെ തീറ്റതേടാനുള്ള വഴികള്‍ തടസ്സപ്പെടുത്തും അത് അവയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കും. എന്നാല്‍, എല്ലാ മഞ്ഞുമലകളും ക്രമേണ ഉരുകുമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. A23a യുടെ ചലനം ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

Top