അന്റാര്‍ട്ടിക്കയിലെ എ 68ന്റെ വലുപ്പം കുറഞ്ഞത് സത്യമോ? ദൃശ്യങ്ങള്‍ വൈറല്‍

ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമലയായ അന്റാര്‍ട്ടിക്കയിലെ എ 68ന്റെ വലുപ്പം കുറഞ്ഞതായി റിപ്പോര്‍ട്ട്. 2017 ജൂലൈ മുതല്‍ 5100 സ്‌ക്വയര്‍ കിലോമീറ്റര്‍ വലിപ്പമുള്ള ഈ മഞ്ഞുമല അന്റാര്‍ട്ടിക്കയില്‍ നിന്ന് വിട്ട് മാറി സമുദ്രോപരിതലത്തില്‍ ഒഴുകി നടക്കുന്ന രീതിയിലാണ് ഗവേഷകര്‍ കണ്ടെത്തിയത്. എന്നാല്‍ അടുത്തിടെയാണ് അന്റാര്‍ട്ടിക്ക് ഉപദ്വീപിന് വടക്ക് ഭാഗത്തേക്കായി ഒഴുകുന്ന നിലയിലാണ് ഈ മഞ്ഞുമലയെ കണ്ടെത്തിയിരിക്കുന്നത്.

മഞ്ഞുമലയില്‍ 175 സ്‌ക്വയര്‍ കിലോമീറ്റര്‍ വലുപ്പമുള്ള ഒരു ഭാഗം പൊട്ടിപ്പോയ നിലയിലാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. എ 68ന്റെ സഞ്ചാരപഥം കൃത്യമായി പിന്തുടരുന്ന ഗവേഷകനായ പ്രൊഫസര്‍ ആഡ്രിയാന്‍ ലൂക്കമാനാണ് ഇക്കാര്യം വിശദമാക്കിയിട്ടുള്ളത്. ഇത്തരത്തില്‍ വലിയ ഭാഗങ്ങള്‍ പൊട്ടിപ്പോകുന്നത് എ 68ന്റെ അവസാനത്തിന് കാരണമാകുമെന്നാണ് ആഡ്രിയാന്‍ ലുക്ക്മാന്‍ നിരീക്ഷിക്കുന്നത്.

സൗത്ത് അറ്റ്‌ലാന്റികിലെ താരതമ്യേന ഊഷ്മാവ് കൂടിയ ജലമാകാം ഇത്തരത്തില്‍ വമ്പന്‍ മഞ്ഞുമല തകരാന്‍ കാരണമെന്നാണ് ലുക്ക്മാന്‍ ബിബിസിയോട് പ്രതികരിച്ചിരിക്കുന്നത്. എ 68 ഏറെ താമസമില്ലാത്തെ പൊട്ടിത്തകര്‍ന്ന് ചെറിയ ഭാഗങ്ങളാവുമെന്നാണ് ലുക്ക്മാന്റെ നിരീക്ഷണം. ഈ വമ്പന്‍ മഞ്ഞുമലയുടെ തകര്‍ന്ന ഭാഗങ്ങള്‍ സമുദ്രത്തില്‍ വര്‍ഷങ്ങളോളം കാണുമെന്നാണ് ലുക്ക്മാന്‍ പറയുന്നത്. മഞ്ഞുമലയുടെ ഛിന്നമാകലിന്റെ റഡാര്‍ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്.

യുഎസ് നാഷണല്‍ ഐസ് സെന്ററിന്റെ വര്‍ഗീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മഞ്ഞുമലക്ക് എ 68എന്ന് പേര് നല്‍കിയത്. അറ്റലാന്റികിനെ രണ്ട് ചതുരമാക്കി വിഭജിച്ചായിരുന്നു എ 68 നിലകൊണ്ടിരുന്നത്. വെഡെല്‍ കടലിന് സമീപമുള്ള ലാര്‍സന്‍സി ഐസ് ഷെല്ഫില്‍ നിന്നും പൊട്ടിയാണ് എ 68 രൂപമെടുത്തത്. 190 മീറ്റര്‍ കനമായിരുന്നു ഈ മഞ്ഞുമലയ്ക്ക് കണക്കാക്കിയിട്ടുളളത്. ഓര്‍ക്ക്‌നി ദ്വീപുകളുടെ സമീപത്ത് കൂടിയാണ് ഈ മഞ്ഞുമലയുടെ നിലവിലെ സഞ്ചാരപഥം.

Top