തിരുവനന്തപുരം: ഏഷ്യാനെറ്റ് ഷാജ് കിരണുമായി നടത്തിയ അഭിമുഖത്തിനിടയിൽ എന്തിനാണെന്ന് മൈക്ക് ഓഫ് ചെയ്‌തതെന്ന് ചാനൽ വ്യക്തമാക്കണമെന്ന് എ എ റഹീം എംപി. ഷാജ് കിരൺ സംസാരിക്കുമ്പോൾ ന്യൂസ് ഡെസ്‌കിൽ നിന്ന് ഇടപെടുകയും മൈക്ക് ഓഫാക്കി, തുടർന്ന് പ്രസക്തമല്ലാത്ത ചില സിസിടിവി ദൃശ്യങ്ങൾ കാണിക്കുകയും ചെയ്‌തു. പറഞ്ഞു വന്ന സത്യം എന്തിനാണ് പകുതിയിൽ നിർത്തിച്ചതെന്ന് ചാനൽ മറുപടി പറയണമെന്ന് റഹീം ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.
റഹീമിന്റെ ഫെയ്‌സ്‌ബുക്ക് കുറിപ്പ് ചുവടെ:
മുഖ്യമന്ത്രിക്കെതിരെ നടക്കുന്നത് എത്രവലിയ ഗൂഢാലോചനയാണ് എന്ന് കൂടുതൽ ഉറപ്പിക്കുന്ന ദൃശ്യങ്ങളാണിത്. കേരളം കേൾക്കണം. ഷാജ് കിരണുമായി ഏഷ്യാനെറ്റ് നടത്തിയ അഭിമുഖത്തിനിടയിൽ അയാൾ ഒരു ഗുരുതരമായ ആരോപണം ഉന്നയിക്കുന്നുണ്ട്.
ഷാജ് കിരൺ: ഞാൻ ഇങ്ങോട്ട് വരുന്ന വഴിക്കും സ്വപ്നയുമായി ഫോണിൽ സംസാരിച്ചിരുന്നു. അപ്പോൾ അവർ പറഞ്ഞു, “എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല. വക്കീലുമായി രാവിലെ സംസാരിക്കാൻ പറ്റിയിട്ടില്ല’.
റിപ്പോർട്ടർ എൻ കെ ഷിജു: സ്വപ്‌നയ്ക്ക് അറിയില്ലേ ഇങ്ങനെ..
ഷാജ് കിരൺ: ഇങ്ങനൊരു സംഭവത്തെ പറ്റി..
(അപ്പോഴേക്കും ന്യൂസ് ഡെസ്‌കിൽ നിന്ന് ഇടപെടുന്നു. ഷാജ് കിരണിന്റെ മൈക്ക് ഓഫാക്കുന്നു. തുടർന്ന് പ്രസക്തമല്ലാത്ത ചില സിസിടിവി ദൃശ്യങ്ങൾ കാണിക്കുന്നു. 2 മിനിറ്റിന്റെ നിശബ്‌ദത. ശേഷം മറ്റൊരു ചോദ്യം ചോദിക്കുന്നു.)
—–
മുൻകൂർ ജാമ്യാപേക്ഷ കൊടുക്കുന്നത്തിന് തൊട്ടുമുൻപുപോലും സ്വപ്ന തന്റെ വക്കീലുമായി സംസാരിച്ചിട്ടില്ല എന്നാണ് ഷാജ് കിരൺ പറയുന്നത്. അതായത് ആരുടെയൊക്കെയോ തിരക്കഥയ്ക്ക് അനുസരിച്ചാണ് സ്വപ്‌ന നീങ്ങുന്നതെന്ന് ഇതിൽ നിന്നും പകൽ പോലെ വ്യക്തമാവുകയാണ്.
നല്ല പണം നൽകി സ്വർണ്ണക്കടത്ത് കേസ് പ്രതിയെ വിലക്കെടുത്ത് നടത്തുന്ന നാടകമാണിത്. വിലക്കെടുത്തവർ എഴുതി കൊടുക്കുന്നത് പറയുക മാത്രമാണ് ഇപ്പോൾ സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും ജോലി.
ബിജെപി തയ്യാറാക്കിയ നാടകമാണ് നടക്കുന്നത്.