കേരളത്തില്‍ എല്‍ഡിഎഫിനെ അട്ടിമറിക്കാനുള്ള നീക്കമാണ് ആര്‍എസ്എസ് നടത്തുന്നത്; എ എ റഹീം

കൊച്ചി: കേരളത്തില്‍ എല്‍ഡിഎഫിനെ അട്ടിമറിക്കാനുള്ള ആര്‍എസ്എസ് നീക്കമാണ് നടക്കുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. ബിജെപിയുടെ ഈ പദ്ധതിയില്‍ കോണ്‍ഗ്രസ് സഖ്യകക്ഷിയായി മാറുകയാണ്. ബെന്നി ബഹനാന്‍ സീതാറാം യെച്ചൂരിക്ക് പരാതി നല്‍കിയത് ഇതിന്റെ ഭാഗമാണ്. കെ ടി ജലീലിനെ വേട്ടയാടുന്നതും പദ്ധതിയുടെ ഭാഗം തന്നെയാണ്. അനില്‍ അക്കര പരാതി കൊടുത്തത് കൊണ്ടു മാത്രം സിബിഐ ലൈഫ് മിഷന്‍ കേസ് ഏറ്റെടുക്കുന്നു. ടൈറ്റാനിയം കേസ് അന്വേഷിക്കാന്‍ സംസ്ഥാനം ആവശ്യപ്പെട്ടിട്ടും സിബിഐ അറിഞ്ഞ മട്ടില്ലെന്നും റഹീം അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ്-ബിജെപി സംയുക്ത രാഷ്ട്രീയകാര്യ സമിതി തീരുമാനം എടുത്ത് ഇടതുപക്ഷത്തെ വേട്ടയാടുന്നു. സ്വര്‍ണ്ണക്കടത്തില്‍ എന്തു കൊണ്ടു വി മുരളീധരന് എതിരായ പരാതി അന്വേഷിക്കുന്നില്ല. അവിടെ എന്‍ഐഎ നിസ്സഹായര്‍ ആകുന്നു. എന്‍ഐഎ കേസ് ഒരു കാരണവശാലും അട്ടിമറിക്കപ്പെടരുത്. രാജ്യ സുരക്ഷയെ ബാധിക്കുന്ന കേസില്‍ രാജ്യ വിരുദ്ധ ശക്തികള്‍ രക്ഷപ്പെടുന്ന അവസ്ഥയാണ്.

കെ എസ് യു നേതാവ് അഭിജിത് കൊവിഡ് ടെസ്റ്റിന് ആള്‍മാറാട്ടം നടത്തിയത് കോണ്‍ഗ്രസ് നേതാക്കള്‍ ക്വാറന്റീനില്‍ പോകാതിരിക്കാനാണ്. മാധ്യമങ്ങള്‍ അഭിജിത്തിനോട് പൊറുത്തിരിക്കുന്നു എന്ന സ്ഥിതിയാണ്. വ്യാജ പേരില്‍ എത്ര കോണ്‍ഗ്രസ് നേതാക്കള്‍ പരിശോധന നടത്തി എന്ന് ആരോഗ്യ വകുപ്പ് പരിശോധന നടത്തണം. ഒ ചാണ്ടി, സി തല എന്നൊക്കെ പേരുകളില്‍ ടെസ്റ്റ് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണം. വെഞ്ഞാറമൂട് കൊലക്കേസ് പ്രതികള്‍ക്ക് ഡിസിസി നിയമ സഹായം നല്‍കുന്നു. ഇത് അവസാനിപ്പിക്കണമെന്നും റഹീം ആവശ്യപ്പെട്ടു.

Top