വര്‍ഗീയ പരാമര്‍ശം: ശ്രീധരന്‍ പിള്ള, വെള്ളമുണ്ട് ഉപേക്ഷിച്ച് കാവി ട്രൗസറിടണമെന്ന് എ.എ റഹിം

കൊച്ചി: ആറ്റിങ്ങലിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്റെ പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെ രൂക്ഷ വര്‍ഗീയ പരാമര്‍ശം നടത്തിയ ബി.ജെ.പി അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളക്കെതിരെ ഡിവൈഫ്‌ഐ സ്റ്റേറ്റ് സെക്രട്ടറി എ.എ റഹിം.

ഫെയ്‌സ്ബുക്കിലൂടെയാണ് എ.എ റഹിം ശ്രീധരന്‍ പിള്ളക്കെതിരെ ആഞ്ഞടിച്ചത്. ‘മുണ്ട് പൊക്കി’ നോക്കണം പോലും, മിസ്റ്റര്‍ പിള്ള, കുടമണ്‍പിള്ളയെ അറിയുമോ, ഗീഫോര്‍ഡ് സായിപ്പിനെയും. എന്ന് എ.എ റഹിം ശ്രീധരന്‍ പിള്ളയോട് ചോദിച്ചു.

ജനങ്ങളെ തമ്മിലടിപ്പിച്ച് ചോരകുടിച്ച് രസിച്ച ഗീഫോര്‍ഡ് സായിപ്പിനെ സംഘടിത ജനകീയ പ്രതിരോധത്തിലൂടെ തറപറ്റിച്ചത് ഒരു പിള്ളയാണ് കുടമണ്‍പിള്ള എന്ന പിള്ളയാണത് എന്ന് എ.എ റഹിം പറഞ്ഞു. മതേതരത്വത്തിന്റെയും മത സൗഹാര്‍ദത്തിന്റെയും ഊഷ്മളമായ ചരിത്രം പേറുന്ന മണ്ണില്‍ നിന്ന് ഗീഫോര്‍ഡ് സായിപ്പിനെ പ്പോലെ വര്‍ഗീയത വിളമ്പിയ പിള്ള, വെള്ളമുണ്ട് ഉപേക്ഷിക്കണം. കാവി ട്രൗസറുണ്ടല്ലോ അതു മാത്രമാണ് അങ്ങേയ്ക്ക് ചേരുന്നത് എന്നും എ.എ റഹിം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ആറ്റിങ്ങലില്‍ വെച്ചാണ് ശ്രീധരന്‍ പിള്ള വര്‍ഗീയ പരാമര്‍ശം നടത്തിയത്. ബാലാകോട്ട് കൊല്ലപ്പെട്ടവരുടെ ജാതിയും മതവും അന്വേഷിക്കുന്നവരുണ്ട്. ഭീകരവാദികള്‍ക്ക് തിരിച്ചടി കൊടുത്ത ശേഷം തിരിച്ചുവന്ന സൈനികരോട് എത്രപേര്‍ അവിടെ കൊല്ലപ്പെട്ടുവെന്ന കണക്കെടുക്കണമെന്ന് രാഹുല്‍ ഗാന്ധി, സീതാറാം യെച്ചൂരി എന്നിവര്‍ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോള്‍ ഇസ്ലാം ആണെങ്കില്‍ ചില അടയാളങ്ങള്‍, ഡ്രസ് ഒക്കെ മാറ്റി നോക്കണമെന്നായിരുന്നു പി എസ് ശ്രീധരന്‍പിള്ളയുടെ പരാമര്‍ശം.

എ.എ റഹിമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

‘മുണ്ട് പൊക്കി’ നോക്കണം പോലും,
മിസ്റ്റര്‍ പിള്ള, കുടമണ്‍പിള്ളയെ അറിയുമോ,ഗീഫോര്‍ഡ് സായിപ്പിനെയും…

തെരഞ്ഞെടുപ്പ് അടുക്കുന്നു, വിഷം തുപ്പുന്ന വര്‍ഗീയത മോദി മുതല്‍ പിള്ള വരെ ആവര്‍ത്തിക്കുന്നു. ലക്ഷ്യം ഒന്ന് മാത്രം, കേരളത്തെ വര്‍ഗീയമായി വിഭജിക്കുക.

നാറുന്ന ഈ വര്‍ഗീയ മനസ്സും പേറി നടക്കുന്ന മിസ്റ്റര്‍ പിള്ളയെ അടുത്തകാലം വരെ ഇവിടുത്തെ ചിലമാധ്യമങ്ങളും സോ കോള്‍ഡ് നിരീക്ഷകരും വിശേഷിപ്പിച്ചത് ‘മാന്യന്‍, മഹാന്‍, സഹൃദയന്‍’ എന്നൊക്കെയാണ്. ഓര്‍ക്കുക,സംഘി ഒരു വിഭാഗമേ ഉള്ളു, കറകളഞ്ഞ വര്‍ഗീയ വാദികള്‍. ഓരോ ആര്‍എസ്എസ് കാരനും
ചിരിക്കുന്നത് പോലും കൊലവിളി ഉള്ളിലൊതുക്കിയാണ്. എത്ര ഒതുക്കിയാലും ചിലപ്പോള്‍ ഛര്‍ദിച്ചു പോകും. അതില്‍ പ്രധാനമന്ത്രി, പാര്‍ട്ടി അധ്യക്ഷന്‍, മുന്‍ ഗവര്‍ണര്‍ എന്നൊന്നുമില്ല.

പിള്ള പ്രസംഗിച്ചത് ആറ്റിങ്ങലില്‍. ശ്രീനാരായണ ഗുരുവിന്റെയും, കുമാരനാശാന്റെയും, വക്കം മൗവലവിയുടെയും നാട്ടില്‍.

ആറ്റിങ്ങലിലാണ് ഇന്ത്യയില്‍ ആദ്യമായി ബ്രട്ടീഷുകാര്‍ക്കെതിരായ സംഘടിത ജനകീയ പ്രതിരോധം ഉയര്‍ന്നത്,1721 ഏപ്രില്‍ 14 വിഷു ദിനത്തിലാണ് ആറ്റിങ്ങല്‍ കലാപം നടന്നത്. അന്ന് അഞ്ചു തെങ്ങ് കോട്ടയുടെ ചുമതലയുണ്ടായിരുന്ന ഗീഫോര്‍ഡ് അടങ്ങുന്ന സംഘത്തെ ആറ്റിങ്ങലിലെ ധീര വിപ്ലവ പോരാളികള്‍ നേരിട്ടു.അതിന് നേതൃത്വം കൊടുത്തതും ഒരു പിള്ളയായിരിന്നു! കുടമണ്‍ പിള്ള.

ഗീഫോര്‍ഡിനെതിരെ ജനവികാരം ഉയരാനുള്ള കാരണം കൂടി ശ്രീധരന്‍ പിള്ള പഠിക്കണം. കുരുമുളക് വ്യാപാരവുമായും ചുങ്കപ്പിരിവുമായും ബന്ധപ്പെട്ട തര്‍ക്കങ്ങളുണ്ടായിരുന്നെങ്കിലും പ്രധാന കാരണങ്ങളില്‍ ഒന്നായി ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങളില്‍ ഒന്ന്, സൗഹൃദത്തില്‍ കഴിഞ്ഞിരുന്ന വിവിധ സമുദായങ്ങളെ വിഭജിക്കാന്‍ ഗീഫോര്‍ഡ് നിരന്തരം ശ്രമിച്ചു കൊണ്ടിരുന്നു എന്നതാണ്.

നമ്പൂതിരി വിഭാഗത്തെ കൊണ്ട് ഉണക്കമീന്‍ കഴിപ്പിക്കുക, നമ്പൂതിരി യുവാക്കളുടെ കയ്യില്‍ പന്നി നെയ് പുരട്ടിയ ചാട്ടവാര്‍ കൊടുത്ത് മുസ്ലീങ്ങളെ ആ ചാട്ട കൊണ്ട് അടിപ്പിക്കുക. ദളിതരെ കൊണ്ട് നമ്പൂതിരിമാരുടെ കുടുമ നിര്‍ബന്ധപൂര്‍വ്വം മുറിപ്പിക്കും….
ഭിന്നിപ്പിച്ചു ഭരിക്കാന്‍ കൗശലക്കാരനായ ഗീഫോര്‍ഡ് സായിപ്പ് ഇന്നത്തെ സംഘപരിവാര്‍ തന്ത്രങ്ങളെ അനുസ്മരിപ്പിക്കുന്നു.
ഗീഫോര്‍ഡ് സായിപ്പ്, മലയാള നാടിന്റെ പോരാട്ട വീര്യം അറിഞ്ഞു.1721 ലെ വിഷു ദിനത്തില്‍ കുടമണ്‍ പിള്ളയുടെ നേതൃത്വത്തിലുള്ള വിപ്ലവകാരികള്‍ സായിപ്പിനെയും ബ്രട്ടീഷ് പട്ടാളക്കാരെയും ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. മീററ്റില്‍ പൊട്ടിപ്പുറപ്പെട്ട ഒന്നാം സ്വാതന്ത്ര്യ സമരത്തിനും 136 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആറ്റിങ്ങലില്‍ ബ്രട്ടീഷ് വിരുദ്ധ കലാപം നടന്നു.. സാമുദായികമായി നാടിനെ വിഭജിക്കാന്‍ ശ്രമിച്ച ബ്രട്ടീഷുകാരെ നേരിട്ടത് പിള്ളമാരുടെ നേതൃത്വത്തിലുള്ള സാധാരണ ജനങ്ങളായിരുന്നു. എല്ലാമതത്തിലും പെട്ട നാട്ടുകാരെ കൂട്ടി പിള്ളമാര്‍ കലാപം നയിച്ച മണ്ണിലാണ്. ഇന്ന്, ഒരു ബിജെപി പിള്ള മുസ്ലീങ്ങളുടെ മുണ്ട് പൊക്കി നോക്കാന്‍ ഗീഫോര്‍ഡ് സായിപ്പിനെ പോലെ അലറുന്നത്. അതും വിഷുപ്പുലരിക്ക് മണിക്കൂറുകള്‍ക്ക് മുന്‍പ്.

മതേതരത്വത്തിന്റെയും മത സൗഹാര്‍ദത്തിന്റെയും ഊഷ്മളമായ ചരിത്രം പേറുന്ന മണ്ണില്‍ നിന്ന് ഗീഫോര്‍ഡ് സായിപ്പിനെ പ്പോലെ വര്‍ഗീയത വിളമ്പിയ പിള്ള, വെള്ളമുണ്ട് ഉപേക്ഷിക്കണം. കാവി ട്രൗസറുണ്ടല്ലോ അതു മാത്രമാണ് അങ്ങേയ്ക്ക് ചേരുന്നത്.

കേരളത്തില്‍ പരസ്യമായി മുഖ്യമന്ത്രിയെ ജാതി വിളിച്ചു അധിക്ഷേപിച്ചവര്‍, ഇന്ന് തെരുവില്‍ മുസ്ലിമിന്റെ മുണ്ട് പൊക്കി മതം ഉറപ്പിക്കുന്നതിനെ കുറിച്ച് വിളിച്ചു കൂവുന്നു.
അതേ മിസ്റ്റര്‍ പിള്ള,
വോട്ടര്‍പട്ടിക നോക്കിയും, വസ്ത്രമുയര്‍ത്തി നോക്കിയുമൊക്കെ തന്നെയാണ് ഉത്തരേന്ത്യയില്‍ നിങ്ങള്‍
പാവം ന്യൂനപക്ഷങ്ങളെ വേട്ടയാടിയത്. ഈ മലയാള മണ്ണില്‍ ന്യൂനപക്ഷ വേട്ട നടത്താനാകാതെ അസ്വസ്ഥരാകുന്ന പിള്ളയും കൂട്ടരും പുഞ്ചിരിച്ചും സഹൃദയഭാവം നടിച്ചും വേട്ടയ്ക്ക് തക്കം പാര്‍ത്തു കാത്തിരിയ്ക്കുന്നു. ഉള്ളില്‍ മുഴവന്‍ വര്‍ഗീയതയുടെ മാലിന്യവും പേറി വെള്ള വസ്ത്രമുടുത്തു പുഞ്ചിരിയുമായി നാട് ചുറ്റുന്നു.

Top