ദേശീയപാത വികസനം: കേന്ദ്രസര്‍ക്കാരിന് എതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഡി.വൈ.എഫ്.ഐ

കൊച്ചി: കേരളത്തിലെ ദേശീയപാത വികസനം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടി കേരളത്തോടും ഫെഡറല്‍ തത്വങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് ഡി.വൈ.എഫ്.ഐ. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിമും പ്രസിഡന്റ് എസ്.സതീഷും നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

സംസ്ഥാനത്തെ ദേശീയപാത വികസനം അട്ടിമറിച്ചതിന് പിന്നിലെ ബിജെപി സംസ്ഥാന ഘടകത്തിന്റെ ഇടപെടല്‍ പരസ്യമായ രഹസ്യമാണ്. കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനങ്ങള്‍ക്ക് പ്രേരണ നല്‍കുകയും കൂട്ടുനില്‍ക്കുകയും ചെയ്യുന്ന സമീപനമാണ് ബിജെപി സംസ്ഥാന ഘടകം സ്വീകരിച്ചതെന്നും ഡിവൈഎഫ്‌ഐ നേതാക്കള്‍ പറഞ്ഞു.

യുദ്ധകാലാടിസ്ഥാനത്തില്‍ ദേശീയപാത വികസനം പൂര്‍ത്തിയാക്കാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ ബഹുദൂരം മുന്നേറിക്കഴിഞ്ഞു. 2013 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉപേക്ഷിച്ച ഈ വികസന പദ്ധതിക്ക് ജീവന്‍ വെച്ചതും ധ്രുതഗതിയില്‍ മുന്നോട്ടുപോയതും എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടലിനെ തുടര്‍ന്നാണ്. 3എ നോട്ടിഫിക്കേഷന്‍ നൂറ് ശതമാനവും പൂര്‍ത്തിയായികഴിഞ്ഞു. 3 ഡി നോട്ടിഫിക്കേഷന്‍ പൂര്‍ത്തീകരിക്കുന്ന ഘട്ടത്തിലുമാണ്. ഇതിനെയെല്ലാം തകിടം മറിക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും നേതാക്കള്‍ ആരോപിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ ഈ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അതിശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ഡി.വൈ.എഫ്.ഐ എന്നും നേതാക്കള്‍ പറഞ്ഞു. കേരളത്തിന്റെ ദേശീയപാത വികസനം അട്ടിമറിച്ച കേന്ദ്രസര്‍ക്കാരിനെതിരെ മെയ് 13 ന് സംസ്ഥാനത്തുടനീളം ദേശീയപാതയോരത്ത് കരിങ്കൊടി പ്രതിഷേധവും ജനകീയ പ്രതിരോധസംഗമങ്ങളും സംഘടിപ്പിക്കും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ദേശീയപാതയില്‍ നൂറ് കേന്ദ്രങ്ങളിലാണ് പ്രതിഷേധസംഗമങ്ങള്‍ നടക്കുന്നത്. വൈകുന്നേരം 5 മുതല്‍ 7 വരെയാണ് ഈ ക്യാമ്പയിന്‍. കാസര്‍കോട് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസും തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടറി എ.എ.റഹിമും എറണാകുളത്ത് സംസ്ഥാന പ്രസിഡന്റ് എസ്.സതീഷും കോഴിക്കോട് സംസ്ഥാന ട്രഷറര്‍ എസ്.കെ.സജീഷും പങ്കെടുക്കും. കേന്ദ്രസര്‍ക്കാരിനെതിരെ സംസ്ഥാനത്തുടനീളം മേഖലാ കേന്ദ്രങ്ങളില്‍ 10 ന് വൈകുന്നേരം പ്രതിക്ഷേധപ്രകടനങ്ങള്‍ നടത്തുമെന്നും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറര്‍ എസ്.കെ.സജീഷ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി കെ.പി.പ്രമോഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Top